ദിസ്‌പൂർ: അസമിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,361 ആയി ഉയർന്നു. ദിബ്രുഗഡ് ജില്ലയിൽ നിന്ന് പതിനാല് കേസുകൾ, ധേമാജിയിൽ നിന്ന് നാല്, ടിൻസുകിയയിൽ നിന്ന് മൂന്ന്, ചരൈഡിയോയിൽ നിന്ന് ഒരു കേസുമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. 1,169 പേർ ചികിത്സയിൽ തുടരുമ്പോൾ 185 പേർ രോഗമുക്തി നേടി. നാല് പേർ മരിച്ചു.
അന്തർസംസ്ഥാന ബസ്, ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിച്ചതോടെ അസമിലെ കൊവിഡ് കേസുകൾ വർധിച്ചു. മെയ് 29 ന് 177 കേസുകളാണ് അസമിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അസമിൽ എത്തുന്നവർക്ക് ക്വാറന്‍റൈൻ നിർബന്ധമാണ്. ഇത്തരത്തിൽ എത്തുന്നവർക്ക് കൊവിഡ് പരിശോധനാ റിപ്പോർട്ട് ലഭിക്കാതെ ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ അനുവദിക്കില്ല. സംസ്ഥാനത്തിനുള്ളിലെ യാത്രകൾക്ക് ചില ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അസമിൽ 1,09,097 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞു.