പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിന് സമാപനം. 29 സംസ്ഥാനങ്ങളിലായി 542 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനാണ് ഇന്ന് ഔദ്യോഗികമായി സമാപനമായത്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് മെയ് 23 ന് ഉത്തരം ലഭിക്കും.
543 മണ്ഡലങ്ങളില്‍ തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ ഇരുപത്തിമൂന്നിനായിരുന്നു വോട്ടെടുപ്പ്. 76.82 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 11 നും രണ്ടാം ഘട്ടം ഏപ്രിൽ 18 നും മൂന്നാം ഘട്ടം ഏപ്രിൽ 23 നും നാലാം ഘട്ടം ഏപ്രിൽ 29 നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12 നും ഏഴാം ഘട്ടം മെയ് 19 നുമായാണ് നടന്നത്.
തെരഞ്ഞെടുപ്പിൽ ഭരണനേട്ടങ്ങളുന്നയിച്ച് ബിജെപി പ്രചാരണം നടത്തിയപ്പോൾ റാഫേലും നോട്ടുനിരോധനവും ജിഎസ്ടിയും ഉന്നയിച്ച് കോൺഗ്രസ് പ്രതിരോധം തീർത്തു. ഉത്തരേന്ത്യയിൽ അയോധ്യ വിഷയമായപ്പോള്‍ കേരളത്തിൽ ശബരിമലയും വൻ പ്രതിഷേധങ്ങൾക്കിടയാക്കി. ഇവയെല്ലാം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തെ ഭരണനേട്ടവും കോട്ടവുമെല്ലാം വിലയിരുത്തുന്ന തെരഞ്ഞെടുപ്പിൽ വിജയം ആർക്കാണെന്നാണ് ഇനി അറിയേണ്ടത്. ദിവസങ്ങളെണ്ണി അതിനായുളള കാത്തിരിപ്പിലാണ് രാജ്യം.