ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിൽ കുടുങ്ങികിടന്ന മലേഷ്യക്കാരെ നാട്ടിലെത്തിച്ചു. ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ മലേഷ്യയിലെത്തിച്ചത്. മലേഷ്യൻ സർക്കാരിന്‍റെയും ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റിയുടെ സഹായത്തോടെയുമാണ് അമൃത്സർ ഭരണകൂടം പ്രത്യേക വിമാനം ക്രമീകരിച്ചത്.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി വിനോദ സഞ്ചാരികളും സിഖുകാരും അമൃത്സറിൽ കുടുങ്ങിയിരുന്നു. തുടർന്ന് സ്‌ക്രീനിങിന് ശേഷം, കുടുങ്ങിയ എല്ലാ വിനോദസഞ്ചാരികളെയും ഹോട്ടലുകളിലും സത്രങ്ങളിലുമായി പാർപ്പിക്കുകയായിരുന്നു.
അമൃത്സറിൽ ഒരു ചൈനീസ് ടൂറിസ്റ്റ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അമൃത്സറിൽ കുടുങ്ങിക്കിടക്കുന്ന ഏക അന്താരാഷ്ട്ര വിനോദ സഞ്ചാരിയാണ് ചൈനീസ് ടൂറിസ്റ്റ് സോങ് ഷാവോമിങ്. സോങിനെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ ശിവ് ദുലാർ സിങ് ധില്ലോൺ പറഞ്ഞു.