കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അധികൃതർ രഹസ്യമായി മറവ് ചെയ്യുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം പ്രതിഷേധിച്ചു. ഏറ്റുമുട്ടലിനിടെ 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ടീസ്റ്റ നദീതീരത്തായിരുന്നു സംഭവം.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാൻ അർധരാത്രിക്ക് ശേഷം ഒരു സംഘം പൊലീസുകാർ എത്തിയതായി പ്രദേശവാസികൾ ആരോപിച്ചു. ഏറ്റുമുട്ടലിനിടെ പൊലീസ് വെടിയുതിർക്കുകയും യുവാവിന് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മൂന്ന് പൊലീസ് വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു.
എന്നാൽ നാട്ടുകാരുടെ ആരോപണം പൊലീസ് തള്ളി. പ്രതിഷേധക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് അമിതവ മൈറ്റി പറഞ്ഞു. വെടിവെപ്പിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരിൽ ഒരാളുടെ നില ഗുരുതരമാണ്. പൊലീസിനെതിരായ ആക്രമണം നിർഭാഗ്യകരമാണെന്നും നാട്ടുകാർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അധികാരികളുമായി ബന്ധപ്പെടണമെന്നും ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വീരേന്ദ്ര പറഞ്ഞു.