പഞ്ചാബിലെ ലുധിയാനയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന ഫാ.ആൻറണി മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത കണക്കിൽപ്പെടാത്ത തുകയിൽ നിന്ന് നാല് കോടി രൂപ അമേരിക്കയിലുള്ള കാമുകിക്കും, ഒന്നേമുക്കാൽ കോടി രൂപ പാരീസിൽ ഉള്ള സുഹൃത്തിനും നൽകിയതായി ആയി എഎസ്ഐ രാജ്പ്രീത് സിംഗ് വെളിപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ നിന്നും റെയ്ഡ് നടത്തി പിടികൂടിയ കോടിക്കണക്കിന് രൂപയുമായി ഒളിവിൽപോയ പഞ്ചാബ് പൊലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ജോഗീന്ദർ സിംഗ്, രാജ് പ്രീത് സിംഗ് എന്നിവരെ കൊച്ചി സിറ്റി പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇവരെ ചേദ്യം ചെയ്തപ്പോഴാണ് പണത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
അസ്വാഭാവികമായ സാഹചര്യത്തിൽ വ്യാജരേഖകളും വ്യാജ വിലാസവും നൽകി രണ്ടുപേർ കൊച്ചിയിലെ ഹോട്ടലിൽ താമസിക്കാൻ എത്തിയതായി സിറ്റി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ എസ് സുരേന്ദ്രന്റെ നിർദേശപ്രകാരം നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. രണ്ടുപേരെയും ചോദ്യം ചെയ്തതിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട് ഒളിവിൽ പോയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഫാ.ആൻറണി മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത 16 കോടിയിൽ നിന്നും 9 കോടി മാത്രമാണ് ആദായനികുതി വകുപ്പിന് കൈമാറിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഏഴ് കോടി രൂപ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാർ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.