ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെയും ഓഫീസിലെയും ലാൻഡ്‌ലൈൻ നമ്പറുകൾ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ജഗ്താര്‍ സിംഗ്, ഉപ്കാര്‍ സിംഗ് എന്നിവരെ ഡല്‍ഹി പൊലീസാണ് പിടികൂടിയത്. ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിംഗ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ കേസിലെ പ്രതികളുടെ പങ്കിനെ കുറിച്ച് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അമിത് ഷായുടെ വീട്ടിലെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ ആദ്യം മന്ത്രിയെ വിളിച്ചത്. തുടര്‍ന്ന് പാര്‍ട്ടി ഫണ്ടിലേക്ക് മൂന്ന് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടർച്ചയായി കോളുകൾ വരാൻ തുടങ്ങിയതോടെയാണ് രഞ്ജിത് സിംഗ് അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ടത്. ഇത്തരത്തില്‍ ഒരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്ന് അമിത് ഷായുടെ ഓഫീസ് അറിയിച്ചു. പിന്നീടാണ് തട്ടിപ്പ് മനസിലാകുന്നത്. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള പ്രത്യേക ആപ്പ് ആണ് പ്രതികള്‍ മന്ത്രിയെ വിളിക്കാനായി ഉപയോഗിച്ചത്.
പ്രതികളിലൊരാൾ ഹരിയാനയില്‍ ലെതർ ബിസിനസ് നടത്തിപ്പുകാരനാണ്. മറ്റൊരാള്‍ ചണ്ഡിഖഡില്‍ ടാക്സി സ്റ്റാന്‍ഡ് ഉടമയുമാണ്. ടിവി സീരിയലില്‍ നിന്നാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള ധാരണ പ്രതികള്‍ക്ക് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.