ന്യൂഡൽഹി: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് വാഹനം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ. തെക്ക് കിഴക്കൻ ഡൽഹിയിലാണ് തട്ടിപ്പ് നടന്നത്. വായ്‌പ തിരിച്ച് അടച്ചില്ലെന്ന് ആരോപിച്ചാണ് ഉപഭോക്താക്കളിൽ നിന്നും ഇവർ മോട്ടോർ സൈക്കിളുകൾ തട്ടിയെടുത്തത്. സംഭവത്തില്‍ സ്ഥാപനത്തിലെ മുൻ ജീവനക്കാരായിരുന്ന വിജയ് കുമാർ (22), സത്‌പാൽ സിംഗ്(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്‌ത്, വായ്‌പ അടയ്ക്കാത്തവരെ കബളിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തി ദീപക് കുമാർ എന്ന ഉപഭോക്താവിനെ ഫോൺ വിളിച്ച് വരുത്തുകയും തുടർന്ന് തവണ വ്യവസ്ഥയില്‍ എടുത്ത മോട്ടോർ ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ബൈക്ക് തിരിച്ചുകിട്ടണമെങ്കിൽ 5,000 രൂപയുമായി ഓഫീസിലേക്ക് വരണമെന്ന് തട്ടിപ്പുകാർ ദീപകിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന്, നോയിഡയിലെ ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന്, ദീപക് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പരാതിക്കാരന്‍റെ ബൈക്കും മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.