ലക്‌നൗ: ഉത്തർപ്രദേശിൽ പൊലീസ് സബ് ഇൻസ്‌പെക്‌ടർ കൊവിഡ് പോസിറ്റീവ് . തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ബിജ്‌നോർ നിവാസികളെ നിരീക്ഷണത്തിലാക്കാൻ പോയ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധിതനാകുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണിത്. ഇതോടെ പൊലീസുകാരനുമായി സമ്പർക്കത്തിൽ വന്ന നഹ്തൂർ പൊലീസ് സ്റ്റേഷനിലെ 45 പൊലീസുകാരെ കൂടി നിരീക്ഷണത്തിലാക്കി. കൂടാതെ സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്‌തു.
ഈ മാസം 13നാണ് ഡൽഹിയിൽ നിന്നും ഒമ്പത് പേരടങ്ങുന്ന സംഘം ബിജ്‌നോറിലെത്തിയത്. തുടർന്ന് ഇവരെ നിരീക്ഷണത്തിലയക്കാൻ വേണ്ടി ആരോഗ്യ പ്രവർത്തകരെ അനുഗമിച്ച് സബ് ഇൻസ്‌പെക്‌ടറും മൂന്ന് കോൺസ്റ്റബിളും ഇവരുടെ വീട്ടിലെത്തി. 13 പേരിൽ ആറ് പേർക്ക് വൈറസ് ബാധയുണ്ടെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായി. ഇവർക്കെതിരെ ലോക്ക് ഡൗൺ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഘത്തിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.