ഡൽഹി : കൊവിഡിൽ വിദേശത്ത് കുടുങ്ങിയ 198 ഇന്ത്യക്കാരെ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിനാൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുളള വന്ദേ ഭാരത് മിഷനു കീഴിലുള്ള ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്.
ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ മൂന്നാം ഘത്തിലാണ് 198 ഇന്ത്യൻ പൗരൻമാരെ ഇന്ത്യൻ നാവിക സേന കപ്പലായ ഐരാവത്ത് ഉപയോഗിച്ച് മാലീദ്വീപിൽ നിന്ന് തൂത്തുക്കുടിയിലെ വി.ഒ ചിദംബരനാർ തുറമുഖത്ത് എത്തിച്ചത്. 188 പുരുഷന്മാരും ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമുൾപ്പെടെ 195 യാത്രക്കാരില്‍ തമിഴ്‌നാട്ടിൽ നിന്നുള്ളവരും പുതുച്ചേരിയിൽ നിന്നുള്ള മൂന്ന് പേരുമുണ്ടായിരുന്നു. കപ്പൽ മാലദ്വീപിൽ നിന്ന് ജൂൺ 21 നാണ് പുറപ്പെട്ടത്.