ലഖ്നൗ: ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട 17 വയസുകാരി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ കൗമാരക്കാരായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച വൈകുന്നേരം നീംഗാവ് പൊലീസ് പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വരണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും എസ്‌പി സതേന്ദർ കുമാർ പറഞ്ഞു.
ഉത്തർപ്രദേശ് ബോർഡിൽ നിന്ന് പെൺകുട്ടി ഇന്‍റർമീഡിയറ്റ് കോഴ്സ് ചെയ്യുകയായിരുന്നു. സ്‌കോളർഷിപ്പ് ഫോം പൂരിപ്പിക്കാൻ തിങ്കളാഴ്ച അടുത്തുള്ള പട്ടണത്തിലേക്ക് പോയതായും മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്താത്തപ്പോൾ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് 15ന് 13 വയസുകാരി സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളുടെ കരിമ്പിൻ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.