ശ്രീനഗർ: ജമ്മു കശ്‌മീരിൽ 37 നുഴഞ്ഞുകയറ്റക്കാരടക്കം 203 തീവ്രവാദികളെ കൊന്നതായി സുരക്ഷാ സേന. ഇതുകൂടാതെ 49 തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായും ഒമ്പത് പേർ കീഴടങ്ങിയതായും സേന കൂട്ടിചേർത്തു. ആർമി, പൊലീസ്, സുരക്ഷാ സേന തുടങ്ങിയവരുടെ സംയുക്ത ഇടപെടൽ കാരണമാണ് ഇത് സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, തീവ്രവാദികൾ 43 പ്രദേശവാസികളെ കൊല്ലുകയും 92 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2020ൽ ജമ്മു കശ്‌മീരിൽ 96 തീവ്രവാദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഏറ്റവും കൂടുതൽ തീവ്രവാദികളെ കൊന്നത് ദക്ഷിണ കശ്‌മീരിലാണ്. പ്രാദേശിക യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകൾ റിക്രൂട്ട് ചെയ്‌ത സംഭവങ്ങൾ 2020ൽ ഏറ്റവും അധികം റിപ്പോർട്ട് ചെയ്‌തത് ഷോപിയാൻ, കുൽഗാം, പുൽവാമ തുടങ്ങിയ പ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ തന്നെയാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകളും രേഖപ്പെടുത്തിയിട്ടുള്ളത്.