ജയ്പൂർ: വെട്ടുകിളികളെ തുരത്താൻ തളിച്ച രാസ കീടനാശിനി ശ്വസിച്ച 16 തൊഴിലുറപ്പ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ജെയ്‌സിംഗ് പുരയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളെ തുരത്താൻ കാർഷിക വകുപ്പ് കീടനാശിനി തളിച്ചത്. കൃഷിയിടത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന തൊഴിലുറപ്പ് വർക്ക് സൈറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് കീടനാശിനി കലർന്ന വായു ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പോട്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് (സിഎച്ച്സി) റഫർ ചെയ്തു. 16 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.