മുംബൈ: മഹാരാഷ്‌ട്ര ബിജെപിയില്‍ ഭിന്നിപ്പുണ്ടെന്നും 15 ഓളം ബിജെപി എംഎൽഎമാർ മഹാരാഷ്ട്ര വികാസ് അഗാഡിയിലേക്ക് എത്തുമെന്നും എൻസിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീൽ. എന്നാൽ പ്രതിപക്ഷ നേതാക്കളെ തട്ടിക്കൊണ്ട് വരാൻ തങ്ങൾ തയ്യാറല്ലെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ബിജെപി 'ഓപ്പറേഷന്‍ ലോട്ടസ്' നടത്തി എന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജയന്ത് പാട്ടീലിന്‍റെ പ്രതികരണം.
ബിജെപിയിലെ പതിനാലോ പതിനഞ്ചോ എംഎല്‍എമാര്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്നുപോലും അവര്‍ ബന്ധപ്പെട്ടിരുന്നു. ആ എംഎല്‍എമാരോട് തിരിച്ചും ഞങ്ങള്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഞങ്ങള്‍ക്ക് അവരുടെ മനസ് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും പാട്ടീല്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാരെ തട്ടിയെടുക്കുന്ന പ്രവണത ശരിയല്ലെന്നും തങ്ങളുടെ ശ്രദ്ധ സര്‍ക്കാരിന്‍റെ നിലനില്‍പിലാണെന്നും പാട്ടീല്‍ വ്യക്തമാക്കി.