തിരുവനന്തപുരം: 19 ദിവസം കേരളത്തെ ഇളക്കി മറിച്ച ഭാരത് ജോഡോ യാത്ര സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കൈമാറിയ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഒരു ദിവസം ശരാശരി 25-30 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര പിന്നിട്ടിരുന്നത്. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ജാഥയ്ക്ക് ലഭിച്ച പങ്കാളിത്തവും പിന്തുണയും ഒരു പക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു എന്ന വിലയിരുത്തലിലാണ് കെ.പി.സി.സി.
ജനപങ്കാളിത്തം ശ്രദ്ധേയം: തിരുവനന്തപുരത്താണ് ഏറ്റവും ജനപങ്കാളിത്തം എന്ന് സംഘാടകര്‍ കരുതിയെങ്കില്‍ അതു തെറ്റിച്ച പങ്കാളിത്തമായിരുന്നു കൊല്ലത്ത്. ആലപ്പുഴയില്‍ അതിനുമപ്പുറം അങ്ങനെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ പിന്നിടുമ്പോള്‍ ജാഥയ്ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകാര്യതയും പങ്കാളിത്തവും എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. മാത്രമല്ല, ജാഥ ഓരോ ജില്ലയില്‍ പ്രവേശിക്കുമ്പോഴും യു.ഡി.എഫ് ഘടകക്ഷി നേതാക്കളുടെയും അണികളുടെയും പങ്കാളിത്തം പ്രത്യേകിച്ചും മുസ്ലീം ലീഗിന്‍റെ പിന്തുണ അത് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്‍റെ പ്രതീകം കൂടിയായി.
കൊല്ലം ജില്ലയില്‍ ഘടക കക്ഷി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, എറണാകുളത്ത് കേരള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാമുപരിയായി ചാലക്കുടിയില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിക്കലി ശിഹാബ് തങ്ങള്‍ പങ്കെടുത്തതും ജാഥയുടെ ആവേശം ഇരട്ടിയാക്കി. മലപ്പുറത്താകട്ടെ യാത്രയിലുടനീളം മുസ്ലീലീഗിന്‍റെ പങ്കാളിത്തമുണ്ടായി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിനെതിരെ ഭാരതത്തെ ഒന്നിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ യാത്രയില്‍ സര്‍വ്വ മതസ്ഥര്‍ മാത്രമല്ല, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കുഞ്ഞുങ്ങള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവരൊക്കെ സ്വമേധയാ അണി ചേരുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടതിന്‍റെ അമ്പരപ്പില്‍ വിദ്യാര്‍ത്ഥികള്‍ പൊട്ടിക്കരയുന്ന ദൃശ്യം പലയിടത്തും സര്‍വ്വ സാധാരണമായി. പൊതുവില്‍ എല്ലാ വിഭാഗങ്ങളുടെയും വൈകാരിക പിന്തുണ അത് ഇത്തരം യാത്രകള്‍ക്ക് സാധാരണമല്ല.
ജനവിശ്വാസം നേടിയ യാത്ര: സി.പി.എമ്മിനെ ആക്രമിക്കാതെ ബി.ജെ.പിയെ മാത്രം ആക്രമിച്ചുള്ള യാത്രയുടെ തുടക്കത്തില്‍ സി.പി.എം യാത്രയെ വല്ലാതെ കടന്നാക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രയ്ക്കുള്ള അഭൂതപൂര്‍വ്വമായ പിന്തുണയില്‍ ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചടിക്കുമെന്നു ഭയന്ന് പിന്‍മാറുകയായിരുന്നു. ബി.ജെ.പി സംസ്ഥാന തലത്തിലും ദേശീയതലത്തിലും ആദ്യം ജാഥയ്ക്കു നേരെ തിരിഞ്ഞെങ്കിലും അവര്‍ക്കും ജാഥയുടെ ജനപിന്തുണ തിരിച്ചറിഞ്ഞ് പതിയെ പിന്‍വാങ്ങേണ്ടി വന്നു. മാത്രമല്ല, കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് സി.പി.എമ്മുമായി അടുക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം നിലനില്‍ക്കേ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത കോണ്‍ഗ്രസിനുണ്ടാക്കാന്‍ യാത്രയ്ക്കു കഴിഞ്ഞു എന്ന വിലയിരുത്തലും കെ.പി.സി.സി നേതൃത്വത്തിനുണ്ട്.
ഹൃദയം കവർന്ന് രാഹുല്‍: ഒരു പക്ഷേ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ കേരളത്തില്‍ തുടര്‍ച്ചയായി ഇത്രയും ദിവസം കഴിച്ചു കൂട്ടുന്നതും ഇതാദ്യമായാണ്. തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നേതാക്കളില്‍ നിന്ന് മാറ്റാനുള്ള അവസരം കൂടിയായി രാഹുല്‍ ഈ യാത്രയെ കണ്ടു എന്നതും ശ്രദ്ധേയമാണ്. എല്ലാ നേതാക്കളോടും ഹൃദ്യമായ പെരുമാറ്റത്തിലൂടെ രാഹുല്‍ ഗാന്ധി അവരുടെ ഹൃദയം കവര്‍ന്നു എന്ന തോന്നല്‍ പൊതുവേ നേതാക്കള്‍ക്കുണ്ട്.
രാഹുലിന്‍റെ പെരുമാറ്റത്തിലെ ലാളിത്യത്തിലും നേതാക്കള്‍ പൊതുവേ തൃപ്തരാണ്. പൊതുവേ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസവും തമ്മിലടിയും പ്രകടമാക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ യാത്രയുടെ പേരില്‍ ഒരു കല്ലുകടി പോലുമുണ്ടായില്ലെന്നതും അങ്ങേയറ്റം ശ്രദ്ധേയമാണ്.
ഫലത്തില്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയാണെങ്കിലും കേരളത്തില്‍ ഈ യാത്ര സൃഷ്ടിച്ച ഹൈവോള്‍ട്ടേജിലൂടെ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സംഘടന ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനാകുമെങ്കില്‍ അവിടെയായിരിക്കും കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിജയം. മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ നിരാശയിലാണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസത്തിന്‍റെ പുതുവെളിച്ചം സൃഷ്ടിക്കുന്നതു കൂടിയാണ് ജോഡോ യാത്രയെന്ന വിലയിരുത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.