കുര്‍ണൂല്‍ (ആന്ധ്രാപ്രദേശ്): ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ പര്യടനം തുടരുന്നു. കര്‍ണൂലിലെ ബനവാസി ഗ്രാമത്തിൽ നിന്ന് വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 20) രാവിലെ പര്യടനം പുനരാരംഭിച്ചു. മുഗതി ഗ്രാമത്തിലാണ് ഇന്നത്തെ പദയാത്ര അവസാനിക്കുക. വന്‍ സ്വീകരണമാണ് കുര്‍ണൂലില്‍ ഭാരത് ജോഡോ യാത്രക്ക് ലഭിച്ചുവരുന്നത്.
യാത്രയുടെ 43-ാം ദിവസമായ ഇന്ന് രാഹുല്‍ ഗാന്ധിയും സംഘവും കർണൂൽ ജില്ലയിലെ മുഗതി, ഹാലഹർവി, കല്ലുദേവകുന്ത എന്നിവിടങ്ങളിൽ പര്യടനം നടത്തും. വൈകുന്നേരം, രാഹുൽ ഗാന്ധി ശ്രീ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിക്കും. തുടർന്ന് കർണൂൽ ജില്ലയിലെ മന്ത്രാലയനിൽ ശ്രീ സുബുദ്ധേന്ദ്ര തീർഥയുമായി കൂടിക്കാഴ്‌ച നടത്തും.
ഇന്നലെ (ഒക്‌ടോബര്‍ 19) അദോണിയിലെ ശ്രീ ഗംഗാ ക്ഷേത്രത്തിൽ പ്രാര്‍ഥന നടത്തിയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ആന്ധ്രപ്രദേശിന് ഒറ്റ തലസ്ഥാനമാണ് വേണ്ടതെന്നും അത് അമരാവതി ആയിരിക്കണമെന്നും ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒക്‌ടോബർ 18നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിൽ പ്രവേശിച്ചത്.
2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. എല്ലാ ദിവസവും 25 കിലോമീറ്റർ സഞ്ചരിച്ച് 3500 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് പദയാത്ര അവസാനിക്കുക. നവംബർ ആദ്യവാരം നന്ദേഡ് ജില്ലയിൽ നിന്ന് മഹാരാഷ്‌ട്രയില്‍ പ്രവേശിക്കും. ഇവിടെ എൻസിപിയും ശിവസേനയും (താക്കറെ വിഭാഗം) പദയാത്രയിൽ പങ്കെടുക്കുമെന്ന് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.