ഹൈദരാബാദ്: ഇന്ത്യൻ നിർമിത കൊവിഡ്-19 വാക്സിനായ കൊവാക്സിന് (Covaxin) ലോകാരോഗ്യ സംഘടനയുടെ (World Health Organisation(WHO)) അനുമതി ലഭിച്ചതിൽ അഭിമാനമെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് (Bharat Biotech). വാക്സിൻ നിർമിതിക്കായി അത്യന്തം പ്രയത്നിച്ച എല്ലാവരെയും ആദരിക്കുന്നതായി ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.കൃഷ്ണ എല്ല പറഞ്ഞു.
ലോകത്ത് എല്ലായിടത്തും ഇനി മുതൽ കൊവാക്സിൻ ഇറക്കുമതി ത്വരിതപ്പെടുത്താൻ കഴിയും. ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും അതിന്‍റെ ഫലമായാണ് വാക്സിന് ആഗോള അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
അതേസമയം കൊവിഡ് പകർച്ചവ്യാധി തടയാനുള്ള ശ്രമങ്ങളിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഭാരത് ബയോടെക് മുന്നോട്ട് പോകുകയാണെന്ന് ജോയിന്‍റ് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പാണ് അടിയന്തര ഉപയോഗ ലിസ്റ്റിലേക്ക് (Emergency Use Listing (EUL)) കൊവാക്‌സിന് അനുമതി നൽകിയത്.
ജൂലൈയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചതായും ഒക്ടോബറിൽ ക്ലിനിക്കൽ ട്രയൽ ഡാറ്റ അവലോകനം ചെയ്തതായും കമ്പനി അറിയിച്ചു. ജൂലൈയിൽ തന്നെ ഇയുഎൽ പ്രക്രിയ ആരംഭിച്ചിരുന്നു. കാര്യക്ഷമമായ പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരമായിരുന്നു അതെന്നും കമ്പനി അറിയിച്ചു.