ന്യൂഡല്‍ഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള സംഘടനകൾ കർഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗതം തടയും. ആംബുലൻസും മറ്റ് അവശ്യ സേവനങ്ങളും ഒഴികെയുള്ള ഒരു സർവീസുകളും അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്തുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ബഹുരാഷ്ട്ര കുത്തകകളെയും കോർപറേറ്റുകളെയും സഹായിക്കുന്നതും കര്‍ഷകരെ ഇല്ലായ്മ ചെയ്യുന്നതുമാണ് പാർലമെന്‍റിൽ പാസാക്കിയ കാർഷിക പരിഷ്ക്കരണ നിയമങ്ങളെന്ന് സമരക്കാർ പറയുന്നു. ഡൽഹി അതിര്‍ത്തിയിലെ മൂന്നിടങ്ങളിലാണ് സമരം. സിഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് സമരം ഇപ്പോഴും തുടരുന്നത്. കാര്‍ഷിക വിളകള്‍ക്ക് ന്യായ വില തുടരുമെന്ന കാര്യത്തില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നും താങ്ങുവില ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.