മുംബൈ: ബിഎംസി തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നും മഹാ വികാസ് അഘാഡി സഖ്യത്തിനൊപ്പം ആയിരിക്കില്ലെന്നും കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപ്. 227 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മുംബൈയിൽ കോൺഗ്രസ് മേധാവിയായി ചുമതലയേറ്റ ആദ്യ ദിവസം മുതൽ താൻ പറഞ്ഞിരുന്നതായും ഒറ്റക്ക് മത്സരിക്കുന്നത് ഇത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.
1999 നും 2014 നും ഇടയിൽ എൻസിപി, സമാജ്‌വാദി പാർട്ടി, ആർപിഐ എന്നീ പാർട്ടികളുമായി അധികാരം പങ്കിട്ടെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റക്കാണ് മത്സരിച്ചത്. അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം സംസാരിക്കുന്നവരെ ജനങ്ങൾ ചെരുപ്പൂരി അടിക്കുമെന്ന് ഉദ്ദവ് താക്കറെ ഒരു പരാമർശം നടത്തിയിരുന്നു. എന്നാൽ ഈ പരാമർശം പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരിക്കുമെന്നും ഭായ് ജഗ്‌താപ് പറഞ്ഞു.
Also Read: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജൂൺ 14ന് കോൺഗ്രസ് നേതാവ് നാനാ പട്ടോലെയും വ്യക്തമാക്കിയിരുന്നു. 2019ൽ ഉദ്ദവ് താക്കറെ ബിജെപിയിൽ നിന്ന് മാറിയതിനെ തുടർന്നാണ് ശിവ്‌സേനയും കോൺഗ്രസും എൻസിപിയും ചേർന്ന് സഖ്യമുണ്ടാക്കിയത്.