ഇന്‍ഡോര്‍ : കോളജ് സിലബസില്‍ ഭഗവദ്‌ഗീത ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2020 ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മഹാഭാരതം മധ്യപ്രദേശിലെ കോളജുകളില്‍ നിലവില്‍ പഠന വിഷയമാണ്.
ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കുട്ടികളിലേക്ക് പകരാനും, ഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കാനുമാണ് ഭഗവദ്‌ഗീത കോളജുകളില്‍ പഠിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ യാദവ് പറഞ്ഞു. കുറെ വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ പകരുക എന്നതിനുപരിയായി നമ്മുടെ പാരമ്പര്യത്തെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക എന്നതും വിദ്യാഭ്യസത്തിന്‍റെ ലക്ഷ്യമാണ്. ഇതോടൊപ്പം നൈപുണ്യ വികസന കേന്ദ്രങ്ങളും കോളജുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.