ചണ്ഡീഗഢ്: ഇന്ത്യൻ സ്വാതന്ത്ര്യസമരം അഹിംസ മാർഗങ്ങളിലൂടെയാണ് പുറം ലോകമറിഞ്ഞതെങ്കിൽ സമരം ഒരുപാട് വിപ്ലവകാരികളെയും ഈ കാലയളവിൽ സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം സൃഷ്‌ടിച്ച വിപ്ലവകാരികളിൽ ഭഗത് സിങ്ങാണ് ഏതൊരു ഇന്ത്യക്കാരന്‍റെയും ഓർമകളിൽ ആദ്യമെത്തുക. മനുഷ്യന്‍റെ ശരീരത്തെ മാത്രമേ കൊലപ്പെടുത്താൻ സാധിക്കുകയെന്നും ശക്തമായ മനസ്, ആശയങ്ങൾ, ചിന്തകൾ തുടങ്ങിയവക്ക് മരണമില്ലെന്നും വിശ്വസിച്ചവരായിരുന്നു ഇക്കൂട്ടർ. വരും തലമുറ എന്നെന്നും ഓർമിക്കുന്ന ഈ വിപ്ലവകാരികൾ മരും തലമുറക്ക് മാതൃക തന്നെയാണെന്ന് ചരിത്രകാരൻമാർ അടിവരയിടുന്നു.
ഭഗത്‌സിങ്ങിന്‍റെ ബാല്യവും സ്വാതന്ത്ര്യ സമരവും
1907 സെപ്‌റ്റംബർ 28ന് പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ (ഇന്ന് പാകിസ്ഥാനിൽ) ഒരു സിഖ് കർഷക കുടുംബത്തിലാണ് ഭഗത് സിങ് ജനിച്ചത്. ഈ കാലയളവിൽ ഭഗത് സിങ്ങിന്‍റെ അച്ഛനും അമ്മാവനും ആര്യ സമാജത്തിലും ഗന്ദർ പാർട്ടിയിലും സജീവമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ കണ്ടാണ് ഭഗത് സിങ് ബാല്യകാലം ചെലവഴിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കറുത്ത അധ്യായമായ ജാലിയൻ വാലാബാഗ് നടക്കുമ്പോൾ ഭഗത് സിങ്ങിന് പ്രായം 12. ഈ കൂട്ടക്കൊലക്ക് ശേഷം മൈതാനത്തിലെത്തിയ ഭഗത് സിങ് ചോര കലർന്ന മണ്ണ് നെഞ്ചോട് ചേർത്ത് പിടിച്ചാണ് രാജ്യത്തിനായി പ്രതിജ്ഞ ചെയ്‌തത്. സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് പേരാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ മരിച്ചത്.
1928 വരെ ഏതൊരു ഇന്ത്യക്കാരനെയും പോലെ ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് തുരത്തണമെന്നതായിരുന്നു ഭഗത്‌സിങ്ങിന്‍റെയും ആഗ്രഹം. അത്യുത്സകനായ വായനക്കാരനും എഴുത്തുകാരനുമായ ഭഗത് സിങ് കോളോണിയൽ ശക്തികൾക്കെതിരെ പേന ആയുധമാക്കുകയായിരുന്നു. രാഷ്‌ട്രീയ കുടുംബത്തിൽ ജനിച്ച ഭഗത്‌സിങ്ങിന് വിപ്ലവത്തിന്‍റെ വിത്തുകൾ ജനിക്കും മുമ്പേ ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു.
സൈമൺ കമ്മിഷനും ലാലാ ലജ്‌പത് റായിയുടെ മരണവും
1928ൽ സർ ജോൺ സൈമണിന്‍റെ ചുമതലയിൽ സൈമൺ കമ്മിഷൻ രൂപവത്കരിക്കപ്പെട്ടതും ലാൽ ലജ്‌പത് റായിയുടെ മരണവുമാണ് ഭഗത് സിങ്ങിന്‍റെ ജീവിതത്തിൽ നിർണായകമായത്. ഇന്ത്യയുടെ ഭരണഘടന പരിഷ്‌കാരങ്ങൾ അവലോകനം ചെയ്യുന്ന സൈമൺ കമ്മിഷനിലെ ഏഴംഗ സമിതിയിൽ ഒരു ഇന്ത്യക്കാരനെ പോലും ഉൾക്കൊള്ളിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന് നേതൃത്വം നൽകിയത് മിതവാദിയായ ലാൽ ലജ്‌പത് റായിയായിരുന്നു.
ലാഹോറിൽ വച്ച് നടന്ന പ്രതിഷേധത്തിൽ ലാലയോടൊപ്പം ഭഗത് സിങ്ങും സുഹൃത്തുക്കളും ചേരുകയും സൈമൺ കമ്മിഷനെ കരിങ്കൊടി കാണിക്കുകയും ചെയ്‌തു. തുടർന്നുണ്ടായ സംഘർഷത്തിൽ ലാലാ ലജ്‌പത് റായിക്ക് പരിക്കേൽക്കുകയും തുടർന്ന് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.
ഈ സംഭവത്തിന് ശേഷം ഭഗത് സിങ്ങിനും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആർമിക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. രാജ്യത്തിനായി നിന്ന സംഘം ബ്രിട്ടീഷിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് പൊലീസിന്‍റെ അതിക്രമങ്ങൾക്ക് തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജോൺ സൗണ്ടേഴ്‌സിനെ വധിച്ച് വിപ്ലവകാരികൾ
ഡിസംബർ 17ന് ഭഗത്‌സിങ്, രാജ്‌ഗുരു, സുഖ്‌ദേവ്, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ സംഘം പൊലീസ് സൂപ്രണ്ട് സ്കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് ജോൺ സൗണ്ടേഴ്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിച്ചു. കേസിൽ മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഭഗത് സിങ്ങും രാജ്‌ഗുരുവും ലജ്‌പത് റായിയുടെ മരണത്തിന് കാരണമായവർക്കെതിരെ കരുനീക്കം നടത്തുകയായിരുന്നു.
1929 ഏപ്രിൽ എട്ടിനാണ് ഭഗത്‌സിങ്ങും ബതുകേശ്വർ ദത്തയും ചേർന്ന് ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേക്ക് ബോംബേറ് നടത്തുന്നത്. ബ്രിട്ടീഷ് ഭരണാധികളുടെ ശ്രദ്ധ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അംഗങ്ങളുടെ സീറ്റിന് പുറകു വശത്തെ ഗാലറിയിലിരുന്നാണ് ഇരുവരും ചേർന്ന് ആരെയും ഉന്നം വക്കാതെ ബോംബേറ് നടത്തിയത്. ഉറങ്ങുന്ന സർക്കാരിനെ ഉണർത്താൻ സ്‌ഫോടനങ്ങൾ ആവശ്യമാണെന്ന ലഘുലേഖകൾ വിതറിയ ശേഷം ഇരുവരും അറസ്റ്റ് വരിക്കാൻ കാത്തു നിൽക്കുകയായിരുന്നു.
വധശിക്ഷ വിധിച്ച് ട്രിബ്യൂണൽ
സ്‌ഫോടനത്തിൽ ആർക്കും പരിക്കേൽക്കാത്തതിനാൽ ജീവപര്യന്തം തടവാണ് ഇരുവർക്കുമെതിരെ കോടതി വിധിച്ചത്. എന്നാൽ ഭഗത്‌സിങ്ങിന് വധശിക്ഷ ലഭിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടം ആഗ്രഹിച്ചത്. അതിനാൽ സൗണ്ടേഴ്‌സ് വധക്കേസിൽ ഭരണകൂടം അന്വേഷണം ആരംഭിച്ചു. തുടർന്ന് സൗണ്ടേഴ്‌സ് വധക്കേസിൽ 1930 ഒക്‌ടോബർ ഏഴിന് ഭഗത് സിങ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ട്രിബ്യൂണൽ മൂന്ന് പേർക്കും വധശിക്ഷ വിധിക്കുകയും ചെയ്‌തു.
1931 മാർച്ച് 23നാണ് ഭഗത്‌സിങ് ഉൾപ്പടെയുള്ള മൂന്ന് വിപ്ലവകാരികളെയും ഭരണകൂടം തൂക്കിലേറ്റുന്നത്. ലാഹോർ ജയിലിന് പുറത്ത് വലിയ ജനക്കൂട്ടമാണ് അന്നേ ദിവസം ഒത്തുകൂടിയത്. ഇവരെ തൂക്കിലേറ്റിയതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടായത്.
തൂക്കിലേറ്റൽ റദ്ദാക്കണമെന്ന ഗാന്ധിയുടെ അപേക്ഷയും ഫലം കണ്ടില്ല. ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ ദേശസ്‌നേഹത്തിന്‍റെ തിരമാലകളണിയിക്കുന്ന ജീവിതമാണ് 23 വർഷത്തിൽ അദ്ദേഹം നയിച്ചത്. പാകിസ്ഥാനിലെ ലാഹോറിലെ ഭഗത് സിംഗ് മെമ്മോറിയൽ ഫൗണ്ടേഷന്‍റെ കീഴിൽ ഭഗത് സിങ്ങിന്‍റെ വീട് ഇന്നും സംരക്ഷിക്കപ്പെടുന്നു. ഭഗത് സിങ്ങിന്‍റെ വിപ്ലവകാരി എന്ന സ്ഥാനത്തിനായി ഇന്നും ഈ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.
ALSO READ: Udham Singh: ഉധം സിങ്, ബ്രിട്ടീഷുകാരോട് പകരം ചോദിക്കാൻ 20 വര്‍ഷം കാത്ത പോരാളി