ഹൈദരാബാദ് : വ്യാജ മാട്രിമോണി സൈറ്റുകള്‍ സൃഷ്‌ടിച്ചുള്ള തട്ടിപ്പില്‍ ജനത്തിന് മുന്നറിയിപ്പുമായി ഹൈദരാബാദ് സൈബര്‍ പൊലീസ്. നിരവധി പേര്‍ ഇത്തരത്തിലുള്ള തട്ടിപ്പിന്‍റെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പലരും പരാതിയുമായി മുന്നോട്ടുവരുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
തങ്ങളുടെ സംഘത്തിലുള്ള യുവതികളെ വിവാഹത്തിന് തയ്യാറെടുക്കുന്നവരായി അവതരിപ്പിച്ചാണ് യുവാക്കളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം അപഹരിക്കുന്നത്. സംഘത്തില്‍പ്പെട്ട യുവതികള്‍ ഫോണിലൂടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത പുരുഷന്‍മാരുമായി വിവാഹത്തിന് സമ്മതമാണ് എന്നറിയിച്ച് സൗഹൃദം സ്ഥാപിക്കും. പിന്നീട് ഈ പുരുഷന്‍മാരില്‍ നിന്ന് വില കൂടിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.
പണം അപഹരിച്ചതിന് ശേഷം സ്വഭാവം ഇഷ്‌ടപ്പെട്ടില്ല എന്നൊക്കെ പറഞ്ഞ് വിവാഹത്തിന് താല്‍പ്പര്യമില്ല എന്ന് അറിയിക്കുകയും ചെയ്യും. ബന്ധം ഉപേക്ഷിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ലൈംഗിക പീഡനത്തിന് പൊലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം എസിപി കെ വി എമ പ്രസാദ് പറഞ്ഞു.
സ്റ്റുഡന്‍റ് വിസയിലും മറ്റും വന്ന് ഡല്‍ഹിയിലും ഹരിയാനയിലും താമസിക്കുന്ന നൈജീരിയയില്‍ നിന്നുള്ളവരാണ് പ്രതികളില്‍ കൂടുതലും. അപരിചിതരുമായി ഓണ്‍ലൈനില്‍ കൂടി പണമിടപാട് നടത്തരുത്. തട്ടിപ്പിന് ഇരയായവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണമെന്നും കെ വി എം പ്രസാദ് പറഞ്ഞു.