ബെംഗളൂരു: ഓട്ടോ ഡ്രൈവറെ മൂത്രം കുടിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തതിന് ഡോക്‌ടര്‍ അറസ്‌റ്റില്‍. നോര്‍ത്ത് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ രാകേഷ് ഷെട്ടിയാണ് പൊലീസിന്‍റെ പിടിയിലായത്. യെലഹങ്ക സ്വദേശിയായ മുരുളി (26) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നവംബർ നാലാം തിയ്യതിയാണ് സംഭവം. മുരുളിയുടെ ഓട്ടോയിൽ പലതവണ യാത്ര ചെയ്യുകയും തുടര്‍ന്ന് അടുത്ത സുഹൃത്താകുയും ചെയ്‌തയാളാണ് പ്രതി.
ഓട്ടോ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ട് ബംഗളൂരുവിനടുത്തുള്ള കൺട്രി ക്ലബ്ബിലേക്ക് ബിരിയാണി പാഴ്‌സൽ കൊണ്ടുവരാനും ലാബ് ടെക്‌നീഷ്യനായ മഹേഷിനെ ഒപ്പം കൂട്ടാനും രാകേഷ് നിര്‍ദേശിച്ചു. ഇത് ചെയ്‌ത ശേഷം ആശുപത്രില്‍ നിന്നും ഡോക്‌ടറായ സ്വാമിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു.
ശുചിമുറിയില്‍ പൂട്ടിയിട്ട് മർദനം
സ്വാമിയെ സ്ഥലത്തെത്തിച്ച ശേഷം നേരം വൈകിയെന്നു പറഞ്ഞ് മദ്യലഹരിയില്‍ രാകേഷ്, ഡ്രൈവറെ ശകാരിച്ചു. തുടര്‍ന്ന്, ജാതിയമായി അധിക്ഷേപിക്കുകയും ശുചിമുറിയില്‍ പൂട്ടിയിട്ട് മർദിയ്‌ക്കുകയും ചെയ്‌തു. രാകേഷും മറ്റുള്ളവരും ഡ്രൈവറുടെ വായിലും ശരീരത്തും മൂത്രമൊഴിച്ചു. സംഭവത്തിനു ശേഷം മുരുളി ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികൾക്കെതിരെ ഐ.പി.സി 323 മുറിവേൽപ്പിക്കുക, 324 അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേൽപ്പിക്കുക, 342 തടങ്കലിൽ വയ്ക്കൽ, 504 മനപ്പൂർവം അപമാനിക്കൽ, 506 ഭീഷണിപ്പെടുത്തുക, എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.