ബെംഗളൂരു : ഇൻസ്റ്റഗ്രാം വഴി വിദ്യാർഥിക്ക് അശ്ലീല വീഡിയോ അയച്ചതിന് ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസർക്കെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി മധുസൂദൻ ആചാര്യ എന്നയാൾക്കെതിരെയാണ് വ്യാഴാഴ്‌ച (ഒക്‌ടോബർ 20) കർണാടക പൊലീസ് കേസെടുത്തത്.
നാഷണൽ സെന്‍റർ ഫോർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (NCMEC) ആണ് ഇക്കാര്യം കണ്ടെത്തി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയെ (NCRB) അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് എൻസിആർബി കർണാടക പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് (CID) വിവരം കൈമാറുകയായിരുന്നു.
നിലവിൽ സൗത്ത് ഈസ്റ്റ് സൈബർ ഇക്കണോമിക് ആൻഡ് നർക്കോട്ടിക് (CEN) പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ചോദ്യം ചെയ്‌തതിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.