ബെംഗളൂരു : നികിത അയ്യര്‍ക്കുമുന്നില്‍ പൊടുന്നനെ ഒരു ഓട്ടോ റിക്ഷ വന്നുനിന്നു. എവിടെ എത്തിക്കണമെന്ന് സ്‌ഫുടമായ ഇംഗ്ലീഷില്‍ വൃദ്ധനായ ഓട്ടോ ഡ്രൈവറുടെ ചോദ്യം. അൽപം ഞെട്ടലോടെയും അതിശയത്തോടെയും, ബെംഗളൂരുവിന്‍റെ മറ്റൊരു ഭാഗത്തേക്കാണ് പോകേണ്ടതെന്ന് മറുപടി നൽകി. വാഹനത്തിലേക്ക് കയറിക്കൊള്ളാനും ഇഷ്‌ടമുള്ള പണം തന്നാൽമതിയെന്നും ഇംഗ്ലീഷില്‍ ഓട്ടോക്കാരന്‍റെ മറുപടി.
വൃദ്ധന്‍റെ കരുണയോടെയുള്ള പെരുമാറ്റം കണ്ട് ഓട്ടോയിൽ കയറിയ നികിതയെ കാത്തിരുന്നത് 45 മിനിറ്റ് നീണ്ട ആശ്ചര്യജനകമായ യാത്രയായിരുന്നു. അയാളുടെ ഇംഗ്ലീഷ് പ്രാവീണ്യം കണ്ട് ആകാംക്ഷയടക്കാൻ വയ്യാതെ നികിത കാര്യങ്ങൾ ചോദിച്ചു.
പട്ടാഭിരാമൻ 14 വർഷമായി ഓട്ടോറിക്ഷ ഓടിക്കുകയാണ്. അതിനുമുൻപ് മുംബൈയിലെ ഒരു കോളജിൽ 20 വർഷത്തോളം ഇംഗ്ലീഷ് ലക്‌ചറർ ആയിരുന്നുവെന്നും എംഎയും എംഎഡും പൂർത്തിയാക്കിയതാണെന്നും 74 കാരന്‍ നികിതയോട് വെളിപ്പെടുത്തി. 60-ാം വയസിൽ കോളജിൽ നിന്നും വിരമിച്ചതോടെയാണ് ഓട്ടോ ഓടിക്കലിലേക്ക് തിരിഞ്ഞത്. കർണാടകയിൽ ജോലി ലഭിക്കാത്തതുകൊണ്ടാണ് മുംബൈയിൽ ചെന്ന് ജോലി ചെയ്‌തത്.
അധ്യാപകർക്ക് തുച്ഛമായ തുകയായിരുന്നു കിട്ടിയിരുന്നത്. 10,000 മുതൽ 15,000 വരെയായിരുന്നു പരമാവധി ശമ്പളം. സ്വകാര്യ കോളജ് ആയിരുന്നതിനാൽ പെൻഷൻ കിട്ടാൻ വഴിയില്ല. ഓട്ടോ ഓടിക്കുന്നതുവഴി ദിവസവും 700 മുതൽ 1500 രൂപ വരെ ലഭിക്കുന്നുണ്ട്. അത് തനിക്കും ഗേൾഫ്രണ്ടിനും കഴിയാൻ ധാരാളമാണെന്നും അദ്ദേഹം പറയുന്നു.
ഗേൾഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് ഭാര്യയെന്നായിരുന്നു മറുപടി. ഭാര്യ എന്ന് വിളിക്കുമ്പോൾ ഭർത്താവിന്‍റെ അടിമയാണെന്ന തോന്നൽ വരുമെന്നും തുല്യതയോടെ പരിഗണിക്കണം എന്നുള്ളതുകൊണ്ടാണ് ഗേൾഫ്രണ്ട് എന്ന് വിളിക്കുന്നതെന്നും പട്ടാഭി രാമൻ പറഞ്ഞു. നികിത ലിങ്ക്ഡ്‌ഇന്നിൽ പങ്കുവച്ച ഈ യാത്രാനുഭവം വൈറലാണ്. പട്ടാഭി രാമനെ പോലുള്ള അറിയപ്പെടാത്ത ഹീറോകളിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് നികിത പറയുന്നു.