കൊൽക്കത്ത : ഇതിഹാസ ബംഗാളി ഗായിക സന്ധ്യ മുഖോപാധ്യായ(90) അന്തരിച്ചു. കൊൽക്കത്തയിലെ സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായ ഗായികയെ ജനുവരി 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസുഖം ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എസ്എസ്‌കെഎം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരുന്നു. വിഐപി, വിവിഐപി വിഭാഗത്തിലുള്ളവരെ പ്രവേശിപ്പിക്കുന്ന വുഡ്‌ബേൺ വാർഡിലാണ് ഗായികയെ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേന്ദ്ര സർക്കാരിന്‍റെ പത്മശ്രീ അവാർഡ് നിരസിച്ചതിന് ഗായിക ഈയിടെ ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടംപിടിച്ചിരുന്നു. തനിക്ക് ഈ പ്രായത്തിൽ അവാർഡ് നൽകുന്നത് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗായിക പത്മശ്രീ നിരസിച്ചത്. അവാർഡ് വാഗ്‌ദാനം ചെയ്‌തവർ തന്‍റെ സംഗീത യാത്ര എത്രമാത്രം വൈവിധ്യപൂർണമാണെന്ന് മനസിലാക്കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: നടന്‍ ദീപ് സിദ്ദു ഹരിയാനയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു
പത്മശ്രീ നിരസിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് കലാ- സാംസ്കാരിക സമൂഹത്തിലെ നിരവധിപേർ രംഗത്തുവരികയും ചെയ്‌തു. ഭാരത രത്നക്ക് അർഹയായ ഗായികക്ക് പത്മശ്രീ നൽകുന്നതിനോട് പലരും എതിർപ്പ് പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തുകയുണ്ടായി. പത്മശ്രീ അവാർഡ് പ്രധാനമായും ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് വാഗ്ദാനം ചെയ്യുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
നരേന്ദ്രനാഥ് മുഖർജിയുടേയും ഹെംപ്രോവ ദേവിയുടേയും ആറ് മക്കളിൽ ഏറ്റവും ഇളയ പുത്രിയായിട്ടായിരുന്നു സന്ധ്യ മുഖോപാധ്യായയുടെ ജനനം. ഉസ്താദ് ബഡെ ഗുലാം അലിയിൽ നിന്ന് ആലാപനത്തിൽ പരിശീലനം നേടി. ബംഗാളി കവിയും സംഗീത സംവിധായകനുമായ ശ്യാമൾ ഗുപ്തയെ വിവാഹം ചെയ്‌തു. മകളോടൊപ്പമായിരുന്നു സന്ധ്യ കഴിഞ്ഞിരുന്നത്.
ഇതിഹാസ ഗായികയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.