കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി. 'ബംഗാളിന് സ്വന്തം മകളെ വേണം' എന്നാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. മമതാ ബാനര്‍ജിയെ പശ്ചിമ ബംഗാളിന്‍റെ മകളെന്ന് വിശേഷിപ്പിച്ചാണ് തൃണമൂല്‍ കോണ്‍ഗ്ര് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്. മമതയുടെ ചിത്രവും മുദ്രാവാക്യവുമായി ടിഎംസിയുടെ ഇഎം ബൈപ്പാസിലെ ആസ്ഥാനത്തും സംസ്ഥാനത്തുടനീളവും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്നുകൊണ്ട് വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് വേണ്ടി നില നിന്ന സംസ്ഥാനത്തിന്‍റെ മകളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് ടിഎംസി സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. പുറത്തു നിന്നുള്ളവരെ ബംഗാളിനാവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍പാര്‍ട്ടിയിലുള്ളവര്‍ പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് ഇലക്ഷന്‍ ടൂറിസം നടത്തുകയാണെന്നുമാണ് ടിഎംസിയുടെ ആരോപണം.