കൊൽക്കത്ത: സംസ്ഥാനത്തെ വർധിച്ചു വരുന്ന കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ കർഫ്യൂ ഏർപ്പെടുത്തി. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, റെസ്റ്റോറന്‍റുകൾ, ബാറുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പാകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോം ഡെലിവറിയും ഓൺലൈൻ സേവനങ്ങളും പ്രവർത്തിക്കും.
സാമൂഹിക, സാംസ്കാരിക, അക്കാദമിക്, വിനോദം ഉൾപ്പെടെയുള്ള ഒത്തുചേരലുകൾക്കും നിരോധനം ബാധകമാണ്. കർഫ്യൂ കാലയളവിൽ ചന്തകൾ രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകുന്നേരം 3 മണി മുതൽ 5 മണി വരെയും മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും മെഡിസിൻ ഷോപ്പുകൾ, മെഡിക്കൽ ഉപകരണ സ്റ്റോറുകൾ, പാൽ വെൻഡിംഗ് ഔട്ട്‌ലെറ്റുകൾ, പലചരക്ക് കടകൾ, മറ്റ് ചില അവശ്യ സേവനങ്ങം എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സമയത്തും അതിനുശേഷവും കമ്മീഷൻ നിർദ്ദേശിച്ച പെരുമാറ്റച്ചട്ടങ്ങൾ ജനങ്ങൾ എല്ലാവരും പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനുശേഷം വിജയ ഘോഷയാത്രക്കും നിരോധനമുണ്ട്.
ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറിൽ നിന്ന് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് വിജയിച്ച സ്ഥാനാർത്ഥിയോടൊപ്പമോ അംഗീകൃത പ്രതിനിധിയോടൊപ്പമോ രണ്ടിൽ കൂടുതൽ പേരെ അനുവദിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.