കൊൽക്കത്ത: സാഹചര്യത്തിന്‍റെ പ്രാധാന്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിനെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഇതിൻപ്രകാരം ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചാൽ ഡോക്ടർമാർ അധികാരികളെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ബ്ലാക്ക് ഫംഗസ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ രോഗിയുടെ വ്യക്തിഗത വിവരങ്ങൾ, രോഗത്തിന്‍റെ മുൻകാല വിവരങ്ങൾ, പരിശോധന സംബന്ധിച്ച വിവരങ്ങൾ, മരണമടഞ്ഞാൽ അത് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ക്രമവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് രണ്ട് ബ്ലാക്ക് ഫംഗസ് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10 പേർ നിലവിൽ രോഗത്തിന് ചികിത്സയിലുണ്ട്.
Also Read: സിബിഐ ഡയറക്‌ടറായി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു
ബ്ലാക്ക് ഫംഗസ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കകയും ചെയ്തു. കണ്ണിനും മൂക്കിനും ചുറ്റുമുള്ള ചുവപ്പും വേദനയും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദ്ദിക്കൽ, ഓർമക്കുറവ് എനിനവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ എന്നും പ്രമേഹമുള്ളവർ, സ്റ്റിറോയിഡുകൾ സ്വീകരിക്കുന്നവർ, ഹൃദ്രോഗികൾ എന്നിവർക്ക് രോഗസാധ്യത വളരെക്കൂടുതലാണെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു.