കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. സിപിഎം മാതൃകയില്‍ സംസ്ഥാനത്തുടനീളം മുഴുവന്‍ സമയ പ്രവര്‍ത്തകരെ (വിസ്‌താരക്) റിക്രൂട്ട് ചെയ്യും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിര്‍ണായക തീരുമാനം.
മുഴുവന്‍ സമയ പ്രവര്‍ത്തകര്‍
സംസ്ഥാനത്തെ 78,000 ബൂത്തുകളിലേയ്ക്കാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിയ്ക്കുന്നത്. ഇവര്‍ക്ക് പ്രതിമാസം 6,000 രൂപ ധനസഹായം നല്‍കും. താഴെക്കിടയില്‍ പാര്‍ട്ടിയുടെ പിന്തുണ വര്‍ധിപ്പിയ്ക്കുകയാണ് ലക്ഷ്യം.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാന്‍ സാധിച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചത് മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടാണെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രതാപ് ബന്ധോപാധ്യായ് ഇടിവി ഭാരതിനോട് പറഞ്ഞു.
ലക്ഷ്യം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ്
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടനയ്ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ സംഘടന ശൃംഖല നവീകരിയ്ക്കാനുള്ള നീക്കം.
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇഴകീറി പരിശോധിച്ചതില്‍ നിന്നും ബൂത്ത് തലത്തിലെ പോരായ്‌മയാണ് പ്രധാന കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഇവ പരിഹരിയ്ക്കാനാണ് ശ്രമം.
ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം
പശ്ചിമ ബംഗാളിലെ 39 ജില്ലകളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. ഇവര്‍ പാര്‍ട്ടിയുടെ ജില്ല പ്രസിഡന്‍റുമാരുമായി സമ്പര്‍ക്കം പുലര്‍ത്തി സമീപ ബൂത്തുകളുള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ ശേഖരിയ്ക്കും. തുടര്‍ന്ന് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് തീരുമാനം.
അതത് ബൂത്തുകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി പതിവായി കൂടിയാലോചനകള്‍ നടത്തുകയും പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യും. ഈ വിവരങ്ങള്‍ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് കൈമാറും. കൊല്‍ക്കത്തയിലെ ഹാസ്‌തിങ് ഓഫിസില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
2019 ല്‍ നേടിയ 18 ലോക്‌സഭ സീറ്റുകളും നിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. താഴെക്കിടയില്‍ പ്രവര്‍ത്തകര്‍ക്കായി നിലവില്‍ വര്‍ക്ഷോപ്പുകളുണ്ട്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് തലം മുതലുള്ള സംഘടനാശക്തി കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമായിരിയ്ക്കില്ലെന്നാണ് രാഷ്ട്രീയ തന്ത്രജ്ഞരുടെ വിലയിരുത്തല്‍.
Also read: നിയമസഭ തോല്‍വി : പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി ബംഗാൾ ഘടകം