ബെംഗളൂരു: കർണാടകയിലെ ബെലഗവിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ സഞ്ജു സിദ്ധപ്പ ദാഡി (24), സുരേഷ് ഭാരമപ്പ (24), സുനിൽ ലഗാമപ്പ ദുമ്മഗോൾ (21), മഹേഷ് ബാലപ്പ ശിവൻഗോൾ (23), സോമശേഖർ ദുരുദുന്ദേശ്വര (23) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ബെലഗവി അഡിഷണൽ ജില്ല സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ 33 സാക്ഷികളെ കോടതി വിസ്‌തരിച്ചു.
2017 ഫെബ്രുവരി 15നായിരുന്നു കേസിനാസ്‌പദമായ സംഭവം. ബെലഗവിയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുത്യാനട്ടിയിലെ കുന്നിൻമുകളിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച് വരികയായിരുന്നു പെൺകുട്ടി. കുന്നിൻ മുകളിലെത്തിയതോടെ സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തു. പിന്നീട് പീഡന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നാല് പേർ കൂടി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം പൊലീസിൽ വിവരമറിയിക്കരുതെന്നും ആവശ്യപ്പെട്ടു. 20,000 രൂപ നൽകണമെന്നും സംഘം ഭീഷണിപ്പെടുത്തിയന്നാണ് കേസ്.