ഉമാരിയ (മധ്യപ്രദേശ്): കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാനായി 'തേനീച്ച വേലി' തീര്‍ത്ത് വനം വകുപ്പ്. മധ്യപ്രദേശിലെ ബന്ദവര്‍ഗ് വന്യജീവി സങ്കേതത്തിലെ അധികൃതരാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. അടുത്തിടെയായി കാട്ടാനകളെ ഓടിക്കാന്‍ തേനീച്ചകളുടെ മൂളല്‍ ഫലപ്രദമെന്ന് ഗവേഷകരും മൃഗസംരക്ഷണവാദികളും ചേര്‍ന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ പരീക്ഷണം.
വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കാട്ടാനകളുടെ ആക്രമണത്തെ തുടര്‍ന്ന് കാര്‍ഷിക വിളകളും മറ്റും നിരന്തരം നശിക്കുകയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് 'തേനീച്ച വേലി' എന്ന പരീക്ഷണം നടത്തിയത്. ആന, കാട്ടിലെ വലിയ ഒരു ജീവി ആണെങ്കിലും തേനീച്ചകളുടെ മൂളലുകള്‍ ഇവയ്‌ക്ക് അലോസരമാണ്.
ഇതിനായി വേലികളില്‍ 20 മീറ്റര്‍ അകലെയായി തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. ആശയം പ്രാവര്‍ത്തികമാക്കാനായി മുഴുവന്‍ പദ്ധതിയും ആരംഭത്തില്‍ തന്നെ തയ്യാറാക്കി. വനം വകുപ്പ് മാത്രമല്ല പ്രദേശവാസികളും ബന്ദവര്‍ഗിലെ എന്‍ജിഒയും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് എസ്‌ഡിഒ സുധിര്‍ മിശ്ര പറഞ്ഞു.
ആനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് സ്ഥിരമായി എത്തുന്ന പാതകളില്‍ തേനീച്ചപ്പെട്ടി നൂല്‍ കമ്പികള്‍ കൊണ്ട് വേലിയില്‍ കെട്ടിവയ്‌ക്കുകയായിരുന്നു. ആനകള്‍ ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്പിയില്‍ തൊട്ടാലുണ്ടാകുന്ന നീക്കത്തെ തുടര്‍ന്ന് തേനീച്ചകള്‍ മൂളുവാന്‍ തുടങ്ങും. തുടര്‍ന്ന് മൂളല്‍ ശബ്‌ദം കേട്ട് ആനകള്‍ തിരിഞ്ഞോടുന്നു.
മരത്തില്‍ കെട്ടിത്തൂക്കുന്നതിന് പകരം നിലത്ത് തന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണവും സ്ഥാപിച്ച് പരീക്ഷണം നടത്തി. ഈ ഉപകരണത്തിന് തേനീച്ചകളുടേതിന് സമാനമായ ശബ്‌ദം പുറപ്പെടുവിക്കാന്‍ സാധിക്കും.