ന്യൂഡൽഹി: വിമാനത്താവളങ്ങളില്‍ കംപ്യൂട്ടര്‍ ടോമോഗ്രഫി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്‌കാനറുകൾ സ്ഥാപിക്കാൻ മുഴുവന്‍ വിമാനത്താവളങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ജോയിന്‍റ് ഡയറക്‌ടർ ജനറൽ ജയ്‌ദീപ് പ്രസാദ് അറിയിച്ചു. അത്തരം സ്‌കാനറുകള്‍ സ്ഥാപിച്ചാല്‍ യാത്രകാര്‍ക്ക് അവരുടെ ബാഗേജുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കേണ്ടി വരില്ലെന്നും ജയ്‌ദീപ് പ്രസാദ് പറഞ്ഞു. മാത്രമല്ല ടോമോഗ്രഫി സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിലൂടെ വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധന വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിലുണ്ടായ വന്‍ തിരക്ക് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷ ശക്‌തിപ്പെടുത്തുന്നതിന് അനുയോജ്യമായ മാര്‍ഗമാണ് ടോമോഗ്രഫിയെന്നും ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍) സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എയർപോർട്ട് ഓപ്പറേറ്റർമാർ തുടങ്ങിയ മുഴുവന്‍ ഏജന്‍സികളോടും ചര്‍ച്ച ചെയ്‌തതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും ജയ്‌ദീപ് പ്രസാദ് പറഞ്ഞു.
നിലവില്‍ ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ ഇത് സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ വിമാനത്താവളങ്ങളിലും ഫുള്‍ ബോഡി സ്‌കാനര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് ഡിസംബര്‍ എട്ടിന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ സിങ് ലോക്‌സഭയിൽ പറഞ്ഞു. വിമാനത്താവളങ്ങളിൽ റേഡിയോളജിക്കൽ ഡിറ്റക്ഷൻ എക്യുപ്‌മെന്‍റ് (ആർഡിഇ) സിസ്റ്റവും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണ്ട്.
സിവില്‍ ഏവിയേഷന്‍ രംഗത്ത് മികച്ച മുന്നേറ്റമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലായി നാല് ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.