മംഗളൂരു: ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍ നേര്‍ന്ന് നാഥുറാം ഗോഡ്‌സെയുടെയും, വിഡി സവർക്കറുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി സ്ഥാപിച്ച ബാനർ നീക്കം ചെയ്‌തു. മംഗളൂരുവിലെ സൂറത്ത്കലില്‍ ഹിന്ദു മഹാസഭ പ്രാദേശിക നേതാവ് രാജേഷ് പവിത്രനാണ് ബാനർ സ്ഥാപിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് മംഗളൂരു സിറ്റി കോർപ്പറേഷൻ കമ്മിഷണറുടെ ഉത്തരവ് പ്രകാരം ബാനര്‍ നീക്കം ചെയ്‌തത്.
ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് സൂറത്ത്കലിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആഗസ്റ്റ് 14ന് സൂറത്ത്കൽ മേൽപ്പാലത്തിൽ ഹിന്ദു മഹാസഭ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ സ്ഥാപിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സവർക്കറുടെ ചിത്രമുള്ള ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.
സവര്‍ക്കറുടെ ചിത്രത്തോടൊപ്പം പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം. ഇതേ തുടർന്ന് നേരത്തെ ശിവമോഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.