ചണ്ഡിഗഡ് : പഞ്ചാബിൽ കാർഷിക വികസന ബാങ്കുകളിൽ വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്താകെ രണ്ടായിരത്തോളം കർഷകർക്കെതിരെ അറസ്റ്റ് വാറണ്ടുണ്ട്. ഇതിൽ ചിലരുടെ കലാവധി പുതുക്കി നൽകിയിട്ടുമുണ്ട്. അതേസമയം നടപടിക്കെതിരെ സംസ്ഥാനത്ത് കർഷകർ പ്രതിഷേധം ആരംഭിച്ചു.
പഞ്ചാബിൽ 60,000 ത്തോളം കർഷകർ 2300 കോടി രൂപ വായ്‌പ കുടിശ്ശികയായി അടച്ചുതീർക്കാൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 1150 കോടി രൂപ ഉടൻ തിരിച്ചുപിടിക്കാനുള്ള വിവരങ്ങളാണ് സർക്കാർ തയ്യാറാക്കുന്നത്. കഴിഞ്ഞ സീസണിൽ 200 കോടി രൂപ മാത്രമാണ് ബാങ്കിന് വീണ്ടെടുക്കാനായത്.
ഗോതമ്പിന്‍റെ വിളവ് കുറഞ്ഞതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നാണ് കർഷകരുടെ വാദം. ഇതിനിടെ 11 ലക്ഷം രൂപ വായ്‌പ തിരിച്ചടവുള്ള ഫിറോസ്‌പൂർ സ്വദേശിയായ ബക്ഷിഷ് സിങ് എന്ന കർഷകനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ കുടിശ്ശിക അടച്ചുതീർക്കാം എന്ന രേഖാമൂലമുള്ള ഉറപ്പിൻമേൽ ഇയാളെ വിട്ടയച്ചു.
കർഷകരിൽ നിന്ന് വായ്‌പ ഈടാക്കേണ്ടത് ബാങ്കിന്‍റെ ബാധ്യതയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റിപ്പോർട്ടുകൾ പ്രകാരം ഫിറോസ്‌പൂർ 250, ഗുരു ഹർസഹായ് 200, ജലാലാബാദ് 400, ഫാസിൽക 200, മൻസയ 200 എന്നിങ്ങനെയാണ് കർഷകർക്ക് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.