മംഗളൂരു : നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നീന്തൽക്കുളത്തിൽ മലയാളി ബാങ്ക് മാനേജരുടെ മൃതദേഹം കണ്ടെത്തി (Bank Manager Found Dead In Hotel Swimming Pool). തിരുവനന്തപുരം സ്വദേശി ഗോപു ആർ നായർ ആണ് മരിച്ചത്. കേരളത്തിൽ യൂണിയൻ ബാങ്കില്‍ മാനേജരായി ജോലി ചെയ്‌തുവരികയായിരുന്നു (Union Bank Officer in Kerala died in Mangalore).
ഹോട്ടലിലെ നീന്തൽക്കുളത്തില്‍ മുങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം. ഇന്നലെ മംഗളൂരുവിലെത്തിയ അദ്ദേഹം ഒരു ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. 11 അടിയോളം താഴ്‌ചയിലായിരുന്നു മൃതദേഹം. നീന്തുന്നതിനിടെ മുങ്ങി മരിച്ചതാകാമെന്നാണ് സംശയം. ഹോട്ടൽ മുറിയിലിരുന്ന് മദ്യപിച്ച ശേഷം നീന്തൽ കുളത്തിൽ ഇറങ്ങിയതാകാമെന്നും സംശയിക്കുന്നു. ഇയാളുടെ മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.
തോട്ടിൽ നിന്ന് ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തി : കണ്ണന്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും ഡോക്‌ടറുടെ മൃതദേഹം സെപ്റ്റംബർ 9ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർ വിപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് ശേഷമാണ് ഡോക്‌ടറുടെ മൃതദേഹം ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്ന് ലഭിച്ചത്.
ആദ്യം മൃതദേഹം കണ്ടത് നാട്ടുകാരാണ്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസിന്‍റെ അന്വേഷണത്തിൽ മൃതദേഹം ഡോ. വിപിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് വിപിന്‍റെ കാറും കണ്ടെത്തിയിരുന്നു.
കാറില്‍ നിന്നും ഇയാളുടേതെന്ന് കരുതപ്പെടുന്ന സിറിഞ്ചും മരുന്ന് കുപ്പികളും മയങ്ങാനുള്ള മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയും പൊലീസ് കണ്ടെടുത്തു. ഏറെ നാളായി ഇയാള്‍ വിഷാദ സംബന്ധമായ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മയങ്ങാനുള്ള മരുന്ന് ശരീരത്തിലേക്ക് കുത്തിവച്ച ശേഷം ഇയാൾ തോട്ടിലേക്ക് ചാടിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (സെപ്റ്റംബർ 9) രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം അയത്തിൽ കരുത്തറക്ഷേത്രത്തിലെ കുളത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. അയത്തിൽ സ്വദേശികളായ ഗിരികുമാർ (58), ചാക്കോ എന്ന അച്ചൻകുഞ്ഞ് (51) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മരിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു. കുളക്കടവിൽ ഇരിക്കുന്നതിനിടെ ഒരാൾ കുളത്തിലേക്ക് അബദ്ധത്തിൽ വീഴുകയും ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാനായി എടുത്തുചാടുകയുമായിരുന്നു. സെപ്‌റ്റംബർ 7ന് രാത്രിയാണ് ഇരുവരും കുളത്തിൽ വീണ് മരിച്ചത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നതായാണ് സംശയം.