ഭുവനേശ്വർ: ആഭരണങ്ങൾ ഏവർക്കും പ്രിയങ്കരമാണ്. ഇവ ഒരാളുടെ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടുന്നു. ആഭരണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയാണ്. എന്നാൽ മുള കൊണ്ടുള്ള ആഭരണങ്ങൾ നാം അത്യപൂർവമായാണ് കേൾക്കുന്നത്.
എന്നാൽ കേട്ടോളൂ സംഭവം ഒഡിഷയിലാണ്. മുള കൊണ്ട് നിർമിക്കുന്ന ആഭരണങ്ങൾ ഇവിടുത്തെ മാ സന്തോഷി കൂട്ടായ്മയുടെ ഉപജീവന മാർഗം കൂടിയാണ്. ചാന്ദിലി ഗ്രാമത്തിലെ ഇരുപത് കോളജ് വിദ്യാർഥിനികൾ ചേർന്നാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് ദുരിതത്തിലായ തങ്ങളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് മുള ആഭരണങ്ങൾ നിർമിച്ച് തുടങ്ങിയത്.
കാലത്തിന് അനുസരിച്ച് മാറ്റം
സ്പർശ് എന്ന സംഘടനയുടെ സഹായത്തോടെ നിഫ്റ്റിൽ നിന്നുള്ള നിരവധി പ്രഗത്ഭർ ഇവർക്ക് ആഭരണങ്ങൾ നിർമ്മിക്കാന്‍ പരിശീലനം നൽകുന്നു. കൂടാതെ മുള അണുവിമുക്തമാക്കാന്‍ വേപ്പ്, സോഡ, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കും. ഇതിനാൽതന്നെ ആഭരണങ്ങൾ ധരിക്കുന്നവർക്ക് യാതൊരുതരത്തിലുമുള്ള അലർജിയുമുണ്ടാകില്ല. പുത്തന്‍ ട്രെന്‍ഡുകൾക്കനുസരിച്ച് ഹെഡ് ക്ലിപ്പുകൾ, വളകൾ, കമ്മലുകൾ, മാലകൾ എന്നിവ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നു.
മുള കൊണ്ടുള്ള ആഭരണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. ഉത്സവ സീസണിൽ മുള കൊണ്ട് നിർമ്മിച്ച രാഖിയും വിപണിയിൽ മികച്ച രീതിയിൽ വിറ്റഴിയും. ഉപയോക്താക്കൾക്ക് മിതമായ നിരക്കിലാണ് ഇവ ലഭിക്കുന്നത്. എന്നാൽ തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. ശരിയായ വിപണന സൗകര്യങ്ങൾ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും അനുയോജ്യമായ വേദിയൊരുക്കും.