സംഗ്രൂര്‍ (പഞ്ചാബ്) : ബലൂണില്‍ കാറ്റുനിറയ്‌ക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബലൂണ്‍ വില്‍പ്പന നടത്തുന്നയാളുടെയും മകന്‍റെയും ഇരു കാലുകളും അറ്റു. മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ബലൂണ്‍ വാങ്ങാനെത്തിയ പൊലീസുകാരനും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സംഗ്രൂരിനും ധുരിയ്‌ക്കും ഇടയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവം. ആദ്യം സംഗ്രൂരിലെ ആശുപത്രിയിലെത്തിച്ച ഇവരെ പരിക്ക് ഗുരുതരമായതിനാല്‍ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാരന്‍റെ മുഖത്തും കൈകളിലുമാണ് പരിക്ക്. പരിക്കേറ്റ കുട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടം തുടര്‍ക്കഥ : 2022 ല്‍ ബതിന്‍ഡയില്‍ ഉണ്ടായ സമാന സംഭവത്തില്‍ ബാബാ വദ്ഭാഗ് സിങ്ങിന് പ്രണാമം അർപ്പിക്കാൻ എത്തിയ അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്തോള സ്വദേശിയായ ഗുര്‍ദീപ് സിങ്, മകന്‍ അഞ്ചുവയസുകാരന്‍ ഏകംജീത് സിങ് എന്നിവര്‍ക്കാണ് സാരമായി പൊള്ളലേറ്റത്. മകനെയും കൂട്ടി ബലൂണ്‍ വില്‍പ്പനക്കാരന്‍റെ അടുത്തെത്തിയതായിരുന്നു ഗുര്‍ദീപ്. ഈ സമയത്താണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
2021ലും ബതിന്‍ഡയില്‍ സമാന സംഭവം നടന്നു. പരശ് റാം മേഖലയില്‍ ഉണ്ടായ സംഭവത്തില്‍ മുക്‌സര്‍ സ്വദേശി രാം സിങ് മലോട്ടിനാണ് പരിക്കേറ്റത്. ബലൂണ്‍ വില്‍പ്പനക്കാരനായിരുന്നു രാം സിങ്.