ഛത്തര്‍പൂര്‍(മധ്യപ്രദേശ്): വിവാദങ്ങള്‍ക്കിടെ വിവാഹവിവരം പുറത്തുവിട്ട് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാഗേശ്വർ ധാം പണ്ഡിറ്റ് ധിരേന്ദ്ര ശാസ്‌ത്രി. വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കാനാവില്ലെന്നും വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ ചടങ്ങ് കാണാന്‍ സാധിക്കുമെന്നും പ്രഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു.എന്നാല്‍, ആരാണ് വധുവെന്നും എന്നാണ് വിവാഹമെന്നും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഛത്തര്‍പൂരിലെ ബാഗേശ്വര്‍ ധാമില്‍ വച്ച് നടന്ന മതപ്രഭാഷണത്തിനിടെയാണ് ധിരേന്ദ്ര ശാസ്‌ത്രിയുടെ വെളിപ്പെടുത്തല്‍. 'നോക്കൂ നമ്മള്‍ വിശുദ്ധന്‍മാരല്ല, സാധാരണക്കാരാണ്. നമ്മള്‍ ബാലാജിയുടെ കാല്‍ക്കീഴിലാണ് ജീവിക്കുന്നത്.
നമ്മുടെ പാരമ്പര്യത്തില്‍ മഹാന്മാരായ നിരവധി പേര്‍ കുടുംബനാഥന്‍മാരായി ജീവിച്ചിട്ടുണ്ട്. കുടുംബനാഥന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യമുണ്ടായിരിക്കും. ആദ്യം ബ്രഹ്മചാരി, ഗൃഹസ്ഥന്‍, പിന്നെ വാനപ്രസ്ഥം, തുടര്‍ന്ന് സന്ന്യാസം എന്നിങ്ങനെ ഒരു പാരമ്പര്യമുണ്ട്. ഇത് പാലിച്ചാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.
ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരെയും ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അധികം ആളുകളെ വിളിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ വിവാഹം തത്സമയം സംപ്രേഷണം ചെയ്യും'- ധിരേന്ദ്ര അറിയിച്ചു.
ബാഗേശ്വര്‍ ധാം സര്‍ക്കാര്‍ പണ്ഡിറ്റ് ധിരേന്ദ്ര ശാസ്‌ത്രിക്ക് മതപ്രഭാഷകയും, മോട്ടിവേഷന്‍ സ്‌പീക്കറുമായ ജയ കിഷോരിയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന തരത്തിലുള്ള കിംവദന്തികളും പരന്നിരുന്നു. എന്നാല്‍, ജയ കിഷോരി തനിക്ക് സഹോദരിയെ പോലെയാണെന്ന് പറഞ്ഞ് സ്വയംപ്രഖ്യാപിത ആള്‍ദൈവം ഇത് നിരസിക്കുകയായിരുന്നു. എന്നാല്‍, വിവാഹ വാര്‍ത്തകളോട് ജയ കിഷോരി ഇതുവരെ പ്രതികരിച്ചിട്ടില്ല.