ന്യൂഡല്‍ഹി : ബാക്ക് പോള്‍ റൈഡിങ്ങില്‍ ലോക റെക്കോഡ് തകര്‍ത്ത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ (ബിഎസ്‌എഫ്) ബൈക്കേഴ്സ് ടീം. ഡിസംബര്‍ 16 ന് വിജയ് ദിവസത്തോടനുബന്ധിച്ച് സൈനിക അഭ്യാസത്തിന്‍റെ ഭാഗമായി നടന്ന ബാക്ക് പോള്‍ റൈഡിങ്ങിലാണ് ബിഎസ്‌എഫ് സംഘം മുന്‍ റെക്കോഡ് പഴങ്കഥയാക്കിയത്. അതേസമയം ബാക്ക് പോള്‍ റൈഡിങ്ങില്‍ മുമ്പുണ്ടായിരുന്ന ലോക റെക്കോഡ് ഇന്ത്യന്‍ സേനയുടേതായിരുന്നു.
ബിഎസ്എഫ് ബൈക്കേഴ്സ് ടീം ഇൻസ്പെക്‌ടർ അവദേശ് കുമാർ സിങ്ങാണ് ബാക്ക് പോള്‍ റൈഡിങ്ങില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 350സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിൽ 12 അടിയിലധികം ഉയരമുള്ള പോള്‍ സ്ഥാപിച്ച് അതില്‍ നിന്നാണ് അവദേശ് കുമാർ സിങ് റൈഡ് നടത്തിയത്. അഞ്ച് മണിക്കൂറിലധികം സമയമെടുത്ത് 174 കിലോമീറ്ററാണ് അദ്ദേഹം പിന്നിട്ടത്. വൃത്താകൃതിയില്‍ കറങ്ങിക്കൊണ്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച പോളില്‍ പിന്നിലേക്ക് അഭിമുഖീകരിച്ചായിരുന്നു അവദേശ് കുമാർ സിങ്ങിന്‍റെ റൈഡ്.
തന്‍റെ ഉദ്യമത്തിന് പ്രോത്സാഹനവുമായെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, റെക്കോഡ് നേട്ടം കൈവരിച്ച ശേഷം അവദേശ് കുമാർ നന്ദി അറിയിച്ചു. ഇത് ഈ വർഷത്തെ തങ്ങളുടെ നാലാമത്തെ ലോക റെക്കോഡാണെന്നും ഭാവിയിലും ഈ കുതിപ്പ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.