വിശാഖപട്ടണം(ആന്ധ്രാപ്രദേശ്) : മരിച്ചുവെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ച കുഞ്ഞ് ചലിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. വിശാഖപട്ടണത്തെ ജൂഹികുമാരി സ്വകാര്യ ആശുപത്രിയിൽ ഓഗസ്‌റ്റ് 20നാണ് സംഭവം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണം.
ഈ മാസം 19ന് വിശാഖപട്ടണം സ്വദേശികളായ ദമ്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നു. പരിശോധനകള്‍ നടത്തിയ ഡോക്‌ടർമാർ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നമുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രിയില്‍ നിന്ന് സ്ഥിരീകരണവുമുണ്ടായി. തുടര്‍ന്ന് പിതാവ് താരകേശ്വര സിംഗ് കുഞ്ഞിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെ സ്വകാര്യ ആംബുലൻസിൽ ഹിന്ദു ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
എന്നാല്‍ സംസ്‌കാരത്തിനായി കുഞ്ഞിന്റെ വസ്‌ത്രങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് ശ്‌മശാനത്തിൽ ജോലി ചെയ്യുന്ന രാജു എന്നയാള്‍ കുഞ്ഞിന്റെ ചലനങ്ങൾ ശ്രദ്ധിച്ചത്. ഉടൻ തന്നെ പിതാവ് താരകേശ്വർ സിംഗ് കുട്ടിയെ തിരികെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് ഡോക്‌ടർമാർ വീണ്ടും ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. വൈകിട്ടോടെ കുഞ്ഞ് മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതശരീരം വീണ്ടും ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു.