അയോധ്യ (ഉത്തര്‍പ്രദേശ്) : ബാബറി മസ്‌ജിദ് തകര്‍ക്കലിന്‍റെ മുപ്പത്തൊന്നാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. 1992 ഡിസംബർ ആറിനാണ് ഉത്തർപ്രദേശിലെ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. തൊട്ടുപിന്നാലെ രാജ്യമെമ്പാടും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. (Babri Masjid demolition 31st anniversary security beefed up in Ayodhya). രാജ്യമെമ്പാടും ബാധിച്ച കലാപത്തില്‍ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
അയോധ്യയിലെത്തുന്നവരെ സിസിടിവി വഴി നിരീക്ഷിക്കുന്നുണ്ട്. തിരിച്ചറിയല്‍ രേഖകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അയോധ്യയിലെ വിവിധയിടങ്ങളില്‍ വാഹന പരിശോധനകളും നടക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും അയോധ്യ എസ്എസ്‌പി രാജ്‌കരണ്‍ നയ്യാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊലീസ് സംഘം മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലേക്ക് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സുരക്ഷ ഉറപ്പാക്കുന്നു. അയല്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ പ്രാദേശിക ആര്‍മ്ഡ് സേനയും സുരക്ഷ ഉറപ്പാക്കാന്‍ അയോധ്യയില്‍ രംഗത്തുണ്ട്. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സമഗ്ര പൊലീസ് സംവിധാനം പ്രദേശത്തുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനും നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.