ഭിന്ദ് (മധ്യപ്രദേശ്): ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങൾ 'നമ്മുടെ പൂർവ്വികരുടെ' മക്കളാണെന്ന പ്രസ്‌താവനയുമായി യോഗ ഗുരു ബാബാ രാംദേവ്. തിങ്കളാഴ്‌ച മധ്യപ്രദേശിലെ ഭിന്ദിലെ ലാഹാറിൽ മതപരമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും ആരാധന രീതി വ്യത്യസ്‌തമായിരിക്കാമെന്നും എന്നാൽ അവരുടെ പൂർവ്വികർ ഒന്ന് തന്നെയായിരിക്കുമെന്നും രാംദേവ് പറഞ്ഞു. 'ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അവർ നമ്മുടെ പൂർവ്വികരുടെ മക്കളാണ്. ഞങ്ങൾ അവരെ എപ്പോഴും പരിഗണിക്കുന്നു. അത് എപ്പോഴും തുടരും. ക്രിസ്ത്യാനികളും അങ്ങനെ തന്നെ. ഞങ്ങൾ ആരെയും വെറുക്കില്ല,' രാംദേവ് പറഞ്ഞു.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ ഭരണത്തിന് ശേഷമാണ് ഇന്ത്യയിലെ ആളുകൾ മുസ്‌ലിങ്ങൾ ആയതെന്ന് പറഞ്ഞ അദ്ദേഹം സനാതന ധർമ്മത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് വോട്ട് ചെയ്യാൻ പൊതുജനങ്ങളോട് ആഹ്വാനവും ചെയ്‌തു. സനാതന ധർമ്മത്തെ പിന്തുണയ്ക്കുന്നവരെ അധികാരത്തിലെത്തിക്കണമെന്നും യോഗ ഗുരു പറഞ്ഞു.
ബിജെപിയെ പിന്തുണച്ച് സംസാരിക്കുന്നുവെന്ന ആരോപണം തള്ളിയ രാംദേവ് താൻ സനാതന ധർമ്മത്തെ പിന്തുണച്ച് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കാണികളോട് പറഞ്ഞു. ഇന്ത്യൻ മുസ്ലീങ്ങൾ മുഗളന്മാരുടെ പിൻഗാമികളല്ലെന്ന് കേന്ദ്രമന്ത്രിയും ബെഗുസാരായി എംപിയുമായ ഗിരിരാജ് സിംഗ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബാബാ രാംദേവിന്‍റെ പരാമർശം.
മുഗളന്മാർ ഇന്ത്യൻ മുസ്ലീങ്ങളുടെ പിൻഗാമികളല്ലെന്ന് ഗിരിരാജ് സിംഗ്: ഇന്ത്യൻ മുസ്ലീങ്ങളുടെ പിൻഗാമികൾ മുഗളന്മാരല്ലന്ന് കേന്ദ്രമന്ത്രിയും ബെഗുസാരായിയിലെ ബിജെപി എംപിയുമായ ഗിരിരാജ് സിംഗിന്‍റെ പ്രസ്‌താവന ഏപ്രിൽ ഒൻപതിനായിരുന്നു. മുഗളർ ഇന്ത്യയെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്‌തുവെന്നും സ്വാതന്ത്ര്യാനന്തരം അത് ഭക്ത്യാർപൂരിന്‍റെയോ ബെഗുസാരായിയുടെയോ സംസ്ഥാനത്തെ മറ്റേതെങ്കിലും ജില്ലയുടെയോ പേരുകളാണെങ്കിലും 'അടിമത്തത്തിന്‍റെ എല്ലാ ചിഹ്നങ്ങളും' തുടച്ചുനീക്കേണ്ടതായിരുന്നുവെന്നും മണ്ഡലം സന്ദർശിച്ച വേളയിൽ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ബിഹാറിൽ ഞങ്ങളുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അടിമത്തത്തിന്‍റെ എല്ലാ ചിഹ്നങ്ങളും ഞങ്ങൾ നീക്കം ചെയ്യും, ഇത് പ്രീണന രാഷ്‌ട്രീയമല്ല, കാരണം ഇന്ത്യയിലെ മുസ്ലീങ്ങളുടെ പിൻഗാമികൾ മുഗളന്മാരല്ല, മറിച്ച് ഞങ്ങളുടെ പിൻഗാമികളാണ്,' സിംഗ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച കേന്ദ്രമന്ത്രി, മുൻ മുഖ്യമന്ത്രി വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുവേണ്ടി, കലാപകാരികളെ സംരക്ഷിക്കുകയും രാമനവമി കാലത്തെ കലാപവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന തരത്തിൽ നിതീഷ് ദുർബലനാണെന്നും ആരോപിച്ചു.