ജെയിംസ് കാമറൂണിന്‍റെ ദൃശ്യ വിസ്‌മയം 'അവതാർ: ദി വേ ഓഫ് വാട്ടർ' ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 7ന് രാത്രി 12.30ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചത്. 2022 ഡിസംബര്‍ 16ന് തിയേറ്ററുകളിലെത്തിയ ചിത്രം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.
ജെയും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്‍റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ജയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രം പറയുന്നത്. കേണല്‍ മൈല്‍ ക്വാര്‍ട്ടിച്ചിന്‍റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാന്‍ഡോറയില്‍ നിന്നും തുരത്തുന്നിടത്താണ് ആദ്യ ഭാഗം അവസാനിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പാന്‍ഡോറയുടെ കാഴ്‌ചകളിലൂടെയാണ് രണ്ടാം ഭാഗത്തിന്‍റെ തുടക്കം. ജാക്കും നേയ്‌ത്രിയും കുടുംബത്തെ സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍'.
മേക്കിംഗിലൂടെയും അവതരണത്തിലൂടെയും 'അവതാര്‍ 2' പ്രേക്ഷകരെ അമ്പരിപ്പിച്ചപ്പോള്‍, ഒരു കൂട്ടം സിനിമ ആസ്വാദകരെ കഥ കൊണ്ട് വിസ്‌മയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എങ്കിലും കുട്ടികള്‍ക്ക് 'അവതാര്‍ 2'ന്‍റെ ത്രീഡി മികവ് പുതിയ ആവേശമായിരുന്നു തിയേറ്ററുകളില്‍.
ട്വന്‍റിയത് സെഞ്ച്വറി ഫോക്‌സായിരുന്നു സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. സയൻസ് ഫിക്ഷൻ സാഹസിക സിനിമയിൽ സാം വർത്തിങ്ടൺ, കേറ്റ് വിൻസ്‌ലെറ്റ്, സിഗോർണി വീവർ, സോ സൽദാന, ജെർമെയ്‌ന്‍ ക്ലെമെന്‍റ്, മിഷേൽ യോ, സ്‌റ്റീഫൻ ലാംഗ്, ജിയോവന്നി റിബിസി, എഡി ഫാൽക്കോ, ഊന ചാപ്ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ബോക്‌സ് ഓഫീസ് കലക്ഷനില്‍ മുന്നിലായിരുന്നു ജയിംസ് കാമറൂണിന്‍റെ ഈ ദൃശ്യവിരുന്ന്. ആഗോള ബോക്‌സ് ഓഫീസില്‍ 2.32 ബില്യണ്‍ ഡോളറായിരുന്നു 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' സ്വന്തമാക്കിയത്. ആഗോളതലത്തില്‍ രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കേണ്ടതുണ്ടെന്ന് റിലീസിന് മുമ്പ് തന്നെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രദര്‍ശന ദിനത്തില്‍ 41 കോടി രൂപയാണ് 'അവതാര്‍ 2' സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിന കലക്ഷനില്‍ 'അവഞ്ചേഴ്‌സ് എന്‍സ് ഗെയിമിന്‍റെ' റെക്കോഡ് തകര്‍ക്കാന്‍ അവതാറിന് കഴിഞ്ഞില്ല. 53 കോടി ആയിരുന്നു അവഞ്ചേഴ്‌സിന്‍റെ ആദ്യ ദിന കലക്ഷന്‍.
ആദ്യ ഭാഗം പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' റിലീസിനെത്തിയത്. ആഗോള തലത്തില്‍ 'അവതാര്‍' ആദ്യ ഭാഗം 2.91 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപയാണ്) നേടിയത്.
അവതാറിലൂടെ തനിക്ക് പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചതായി സംവിധായകന്‍ ജയിംസ് കാമറൂണ്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. കുടുംബത്തെ കുറിച്ചും, കാലാവസ്ഥയെ കുറിച്ചും, പ്രകൃതി ലോകത്തെ കുറിച്ചും യഥാർത്ഥ ജീവിതത്തിലും സിനിമ ജീവിതത്തിലും തനിക്ക് പറയാനുള്ളത് ഈ ക്യാൻവാസിലൂടെ പറയാൻ കഴിഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Also Read: Oscars 2023: ഓസ്‌കർ നേടിയ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്?