ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസായ 'ജവാന്‍'(Jawan) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ബോക്‌സോഫിസില്‍ 'ജവാന്‍' റെക്കോഡുകള്‍ കൊയ്യുമ്പോള്‍, ചിത്രത്തിലെ നായികയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലടക്കം ചര്‍ച്ചയാവുന്നത്.
'ജവാനി'ല്‍ നായിക സ്ഥാനത്ത് സംവിധായകന്‍ അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ എന്നാണ് റിപ്പോര്‍ട്ടുകള്‍ (Atlee First Choose Samantha Instead Of Nayanthara). ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. 'ജവാന്‍' ബോക്‌സോഫിസില്‍ വിജയക്കൊടി പാറിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നത്.
'ജവാന്' വേണ്ടി അറ്റ്‌ലി ആദ്യം സാമന്തയെ സമീപിച്ചെങ്കിലും, ഷാരൂഖ് ഖാന്‍റെ നായിക ആകാനുള്ള അവസരം സാമന്ത വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലാണ് 'ജവാന്‍' അണിയറപ്രവര്‍ത്തകര്‍ സാമന്തയെ സമീപിച്ചതെന്നും, അന്ന് താരം നാഗ ചൈതന്യക്കൊപ്പം ആയിരുന്നുവെന്നും, കുടുംബത്തിനായി സമയം മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചതിനാല്‍ സാമന്ത 'ജവാനോ'ട് നോ പറയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 'ജവാന്‍' ഹിറ്റായതിന് പിന്നാലെ നയന്‍താരയെ അഭിനന്ദിച്ച് സാമന്ത സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ഇട്ടിരുന്നു എന്നതും ഈ അവസരത്തില്‍ ശ്രദ്ധ നേടുകയാണ്.
സെപ്‌റ്റംബര്‍ ഏഴിന് റിലീസായ 'ജവാന്‍' ഓരോ ദിവസവും ബോക്‌സോഫിസില്‍ റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ്. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയിൽ നിന്നും ചിത്രം 75 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. ആദ്യ ദിനത്തില്‍ 'ജവാന്‍റെ' ഹിന്ദി പതിപ്പ് മാത്രം 65 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്. തമിഴ്, തെലുഗു പതിപ്പുകളിൽ നിന്നും 10 കോടി രൂപയും ചിത്രം നേടി.
റിലീസ് ചെയ്‌ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഇതോടെ പ്രദര്‍ശനത്തിന്‍റെ മൂന്നാം ദിനത്തില്‍ 200 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാന്‍' സ്വന്തമാക്കി. 200 കോടിക്ക് ശേഷം, മറ്റൊരു റെക്കോഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് 'ജവാന്‍'. ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കലക്ഷൻ എന്ന റെക്കോഡ് നേടാനുള്ള ഓട്ടത്തിലാണിപ്പോള്‍ 'ജവാന്‍'.
അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് (Red Chillies Entertainment) നിര്‍മിച്ചത്. 300 കോടി രൂപയുടെ ബജറ്റിലായിരുന്നു സിനിമയുടെ നിര്‍മാണം. മുന്‍നിര തെന്നിന്ത്യന്‍ താരങ്ങളായ നയൻതാര (Nayanthara) നായികയായി എത്തിയപ്പോള്‍, വില്ലനായി വിജയ് സേതുപതിയും (Vijay Sethupathi) എത്തുന്നു. അതിഥി താരമായി ദീപിക പദുക്കോണും ജവാന്‍റെ ഭാഗമായി.