'ജവാന്‍റെ' (Jawan) വൻ വിജയത്തിന് പിന്നാലെ സംവിധായകന്‍ അറ്റ്‌ലി കുമാർ (Atlee Kumar) ഇപ്പോൾ തെലുഗുവില്‍ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സിനിമ സംവിധായകനായ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ 'ജവാന്‍'.
'ജവാന്' ശേഷം അറ്റ്‌ലി, 'പുഷ്‌പ' താരം അല്ലു അര്‍ജുനുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ (Atlee Kumar to be collaborating with Allu Arjun). ദേശീയ പുരസ്‌കാര ജേതാവായ അല്ലു അര്‍ജുനുമായി (Allu Arjun) അറ്റ്‌ലി ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇപ്പോഴാണ് സംവിധായകന്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
'ജവാന്' വിജയം ആഘോഷിക്കുന്ന സാഹചര്യത്തില്‍, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലി ഇതേകുറിച്ച് വ്യക്തമാക്കിയത്. തങ്ങൾ ഇരുവരും പരസ്‌പരം ബഹുമാനവും ആദരവും പങ്കിടുന്നുവെന്നും, അല്ലു അർജുനുമായുള്ള തന്‍റെ സഹകരണം സർവ്വശക്തന്‍റെ അനുഗ്രഹത്തോടെ സംഭവിക്കുമെന്നും അറ്റ്‌ലി പറഞ്ഞു.
'അല്ലു സർ വളരെ നല്ല സുഹൃത്താണ്, ഞങ്ങൾ പരസ്‌പരം വര്‍ക്കുകള്‍ ഇഷ്‌ടപ്പെടുന്നു. തീർച്ചയായും, എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണ ഉണ്ട്. ദൈവാനുഗ്രഹത്താൽ ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ വരുന്നു, അതിനാൽ നല്ലൊരു തിരക്കഥയുടെ രൂപത്തിൽ നമുക്ക് അനുഗ്രഹങ്ങൾ ആവശ്യമാണ്. ഞങ്ങൾക്ക് ഒരു ആശയമുണ്ട്. ഇപ്പോൾ നമുക്ക് ദൈവത്തിന്‍റെ അനുഗ്രഹത്തിനായി കാത്തിരിക്കാം.' -അറ്റ്‌ലി കുമാര്‍ പറഞ്ഞു.
സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ചും അറ്റ്‌ലി പറഞ്ഞു. അടുത്ത നാല് മാസത്തേക്ക് താൻ മകൻ മീറിനൊപ്പം സമയം ചെലവഴിക്കുമെന്നും അതിന് ശേഷം തന്‍റെ അടുത്ത പ്രോജക്‌ട് തീരുമാനിക്കുമെന്നും അറ്റ്‌ലി വ്യക്തമാക്കി.
തന്‍റെ ഭാവി പ്രോജക്‌ടുകളെ കുറിച്ചും അറ്റ്‌ലി മനസ്സു തുറന്നു. കൂടുതൽ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും തന്‍റെ സിനിമകളെ ആഗോള തലത്തിലേക്ക് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. 'വളര്‍ന്ന്, ജവാനേക്കാൾ വലുതായി എന്തെങ്കിലും ചെയ്യണം' -എന്നാണ് അറ്റ്‌ലിയുടെ പ്രതികരണം. അല്ലു അർജുനുമായി മാത്രമല്ല, ബോളിവുഡ് സൂപ്പർ താരങ്ങളായ സൽമാൻ ഖാനുമായും ഹൃത്വിക് റോഷനുമായും സിനിമ ചെയ്യുന്നതിനെ കുറിച്ചും അറ്റ്‌ലി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
അതേസമയം സംവിധായകനില്‍ നിന്നും നിര്‍മാതാവിന്‍റെ റോളും അണിയാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അറ്റ്‌ലി. വരുണ്‍ ധവാനും, കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന വിഡി 18 (VD18) എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയായിരിക്കും അറ്റ്‌ലിയുടെ ആദ്യ നിര്‍മാണ സംരംഭം. മുറാദ് ഖേതാനിയുടെ സഹകരണത്തോടെ അറ്റ്‌ലിയും ഭാര്യ പ്രിയയും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം 2024ലാകും തിയേറ്ററുകളില്‍ എത്തുക.