ഭുവനേശ്വര്‍: ഭൂമിക്കെതിരെ വരുന്ന ഛിന്നഗ്രഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ശാസ്ത്രഞ്ജര്‍. ഛിന്നഗ്രഹം മുന്‍പും ഭൂമിക്ക് അടുത്തു കൂടെ കടന്ന് പോയിട്ടുണ്ടെന്ന് ഭുവനേശ്വറിലെ പഠാനി സാമന്ത പ്ലാനിറ്റേറിയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ സുവേന്ദു പട്‌നായിക് അറിയിച്ചു. ജൂലൈ 25 ന് ഭൂമിക്ക് അടുത്തു കൂടെ കടന്നു പോകുന്ന കൂറ്റന്‍ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നാസ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.
പരിഭ്രാന്തി വേണ്ട
2008 ഗോ 20 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഒരു തരത്തിലുമുള്ള സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. "പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, ഭൂമിയെ അത് ഇടിക്കില്ലെന്ന് ഉറപ്പിച്ച് പറയാം." 2034 ല്‍ ഭൂമിക്ക് നേരെ ഇത് വീണ്ടും വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1935 ല്‍ ഭൂമിക്ക് 19 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയും 1977 ല്‍ 29 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയും ഛിന്നഗ്രഹം കടന്ന് പോയിട്ടുണ്ട്. അടുത്തുകൂടെ കടന്ന് പോയെങ്കിലും ഭൂമിക്ക് നേരെ ഇവ തിരിച്ച് വന്നില്ല.
നാല് ഫുട്ബോള്‍ ഫീല്‍ഡുകളുടെ വലിപ്പം
ജൂലൈ 25 ന് ഇന്ത്യന്‍ സമയം രാത്രി 11.21നാണ് ഭൂമിയുടെ ഏറ്റവും അടുത്തു കൂടെ ഛിന്നഗ്രഹം കടന്ന് പോകുക. 97 മീറ്റര്‍ വീതിയും 230 മീറ്റര്‍ നീളവുമാണ് ഛിന്നഗ്രഹത്തിന് കണക്കാക്കുന്നത്. അതായത് നാല് ഫുട്ബോള്‍ ഫീല്‍ഡുകള്‍ കൂട്ടിവെച്ചാലുണ്ടാകുന്ന വലിപ്പം.
സെക്കൻഡിൽ ശരാശരി 8 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഇത്രയധികം വേഗതയിൽ സഞ്ചരിക്കുന്നതിനാൽ എതിര്‍ ദിശയില്‍ വരുന്ന എന്തിനെയും തകര്‍ത്ത് തരിപ്പണമാക്കാനുള്ള കഴിവ് ഈ ഛിന്നഗ്രഹത്തിന് ഉണ്ടാവുമെന്നാണ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ഭൂമിയുമായി കൂട്ടിയിടിക്കില്ല
ഭൂമിയിൽ നിന്നും ഏകദേശം 0.04 അസ്‌ട്രോണമിക്കൽ യൂണിറ്റ് അകലെ കൂടിയാണ് ഇത് കടന്നുപോകുന്നത്. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ഇരട്ടിയാണെന്നതിനാല്‍ അപകട സാധ്യതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യതയില്ലെന്ന് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.