ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വ്യാജ വാർത്തകൾ തടയുന്നതിന് നടപടികളാരംഭിച്ച് ട്വിറ്റർ. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാജ വാർത്തകൾക്കെതിരെ പോരാടുന്നതിനായി ട്വിറ്റർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ എന്നിവ സംയുക്തമായി രാജ്യത്ത് ഇൻഫർമേഷൻ സെർച്ച് പ്രോംപ്റ്റ് ആരംഭിച്ചു.
സെർച്ച് പ്രോംപ്റ്റിലൂടെ സ്ഥാനാർഥി പട്ടിക, വോട്ടിങ് തീയതികൾ, പോളിങ് ബൂത്തുകൾ, ഇവിഎം, വോട്ടർ രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. മലയാളം, തമിഴ്, ബംഗാളി, അസമീസ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറ് ഭാഷകളിൽ പ്രോംപ്റ്റ് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 20ഓളം ഹാഷ്‌ടാഗുകളും പ്രോംപ്റ്റിൽ ഉപയോഗിക്കാനാകും.