ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലായി ഒഴിവുവന്ന ഏഴ് നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാഷ്‌ട്രീയ പാർട്ടികള്‍ അഭിമാന പോരാട്ടമായി കണക്കാക്കുന്ന തെലങ്കാനയിലെ മുനുഗൊഡെ, മഹാരാഷ്‌ട്രയിലെ ഈസ്‌റ്റ് അന്ധേരി, ഹരിയാനയിലെ ആദംപുര്‍, യുപിയിലെ ഗൊല ഗോഖര്‍നാഥ്, ഒഡിഷയിലെ ധംനഗര്‍, ബിഹാറിലെ മൊകമ, ഗോപാല്‍ഗഞ്ച് എന്നീ പ്രദേശങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുക. തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ വീതം ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും സിറ്റിങ് സീറ്റുകളാണ്. ഇവയ്‌ക്കൊപ്പം ബിജു ജനതാദള്‍, ശിവസേന, രാഷ്‌ട്രീയ ജനതാദള്‍ എന്നിവരുടെ പക്കലുള്ള സീറ്റുകളിലേക്കും പ്രാദേശിയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി മത്സരരംഗത്തുണ്ട്.
ഈസ്‌റ്റ് അന്ധേരി (മഹാരാഷ്‌ട്ര): അന്തരിച്ച ശിവസേന എംഎല്‍എ രമേഷ് ലട്‌കെയുടെ ഒഴിവിലേക്ക് നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ റുതുജ ലട്‌കെയെയാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ബിജെപി മത്സരത്തില്‍ നിന്ന് പിന്മാറി. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ റുതുജ ലട്‌കെ അനായാസ വിജയം നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മുനുഗൊഡെ (തെലങ്കാന): കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ മുനുഗൊഡെയില്‍ എംഎല്‍എ കോമതിറെഡ്ഡി രാജ്ഗോപാൽ റെഡ്ഡി ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മണ്ഡലം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആർഎസ് സംസ്ഥാന രാഷ്‌ട്രീയം വിട്ട് ദേശീയ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിച്ചതോടെ മണ്ഡലത്തിലെ മത്സരം നിര്‍ണായകമാകും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന ദുബ്ബക്കിലെയും ഹുസുറാബാദിലെയും അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിലും വിജയിച്ചതോടെ ബിജെപിയും വലിയ പ്രതീക്ഷയിലാണ്. മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജ്ഗോപാൽ റെഡ്ഡി ബിജെപി ടിക്കറ്റിലെത്തുന്ന മത്സരത്തില്‍ ടിആർഎസിന്‍റെ മുൻ എംഎൽഎ കുസുകുന്ദല പ്രഭാകർ റെഡ്ഡിയും കോൺഗ്രസിന്‍റെ പൽവൈ ശ്രവന്തിയുമാണ് മറ്റ് പ്രധാന എതിരാളികള്‍.
മൊകമ, ഗോപാല്‍ഗഞ്ച് (ബിഹാര്‍): ബിജെപിയോടുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു-ആർജെഡി സഖ്യത്തിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷയാണ് മൊകാമ, ഗോപാൽഗഞ്ച് ഉപതെരഞ്ഞെടുപ്പുകൾ. നീലം ദേവിയാണ് മണ്ഡലത്തില്‍ ആർജെഡിയെ പ്രതിനിധീകരിക്കുന്നത്. നിതീഷ് കുമാറിന്‍റെ വിശ്വസ്ഥന്‍ അനന്ത് കുമാർ സിങ്ങിന്‍റെ ഭാര്യയാണ് നീലം ദേവി.
വസതിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന അനന്ത് കുമാർ സിങിനെ ഈ വർഷം ആദ്യം അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് മൊകമ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അദ്ദേഹത്തിന്‍റെ ഭാര്യയിലൂടെ മണ്ഡലം തിരികെ പിടിക്കാന്‍ ലക്ഷ്യമിടുന്ന ആർജെഡിക്കെതിരെ പ്രാദേശിക നേതാവായ ലാലൻ സിങ്ങിന്‍റെ ഭാര്യ സോനം ദേവിയാണ് ബിജെപി സ്ഥാനാർത്ഥിയായുള്ളത്.
ബിഹാറിലെ തന്നെ മറ്റൊരു മണ്ഡലമായ ഗോപാൽഗഞ്ചിൽ അന്തരിച്ച എംഎല്‍എ സുഭാഷ് സിങ്ങിന്‍റെ ഭാര്യ കുസും ദേവിയേയാണ് ബിജെപി സ്ഥാനാർഥിയായി രംഗത്തിറക്കിയിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്‍റെ ഭാര്യാസഹോദരന്‍ സാധു യാദവിന്‍റെ ഭാര്യ ഇന്ദിര യാദവ് മണ്ഡലത്തില്‍ ബഹുജൻ സമാജ് പാർട്ടിയെ (ബിഎസ്‌പി) പ്രതിനിധീകരിക്കുന്നു. ഈ സീറ്റില്‍ ആർജെഡി മോഹൻ ഗുപ്‌തയേയാണ് മത്സരിപ്പിക്കുന്നത്.
ഗൊല ഗോഖര്‍നാഥ് (ഉത്തര്‍ പ്രദേശ്): ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ ആറിന് അന്തരിച്ച ബിജെപി എംഎൽഎ അരവിന്ദ് ഗിരിയുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഎസ്‌പിയും കോൺഗ്രസും മത്സരരംഗത്തില്ലാത്ത മണ്ഡലത്തില്‍ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലാണ് പോരാട്ടം. അരവിന്ദ് ഗിരിയുടെ മകന്‍ അമൻ ഗിരി ബിജെപി ടിക്കറ്റില്‍ മത്സരത്തിനെത്തുമ്പോള്‍ മുൻ ഗോല എംഎൽഎ വിനയ് തിവാരിയേയാണ് സമാജ്‌വാദി പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.
മണ്ഡലത്തില്‍ സഹതാപ തരംഗം അലയടിക്കില്ലെന്ന് മനസ്സിലാക്കി യുപി കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെ നാല്‍പതോളം താരപ്രചാരകരെ ഇറക്കി കാടിളക്കിയുള്ള പ്രചരണമായിരുന്നു ബിജെപിയുടേത്.
ആദംപുര്‍ (ഹരിയാന): ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പ് ഗോധയാണ് ആദംപുരിലേത്. മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ ചെറുമകൻ ഉള്‍പ്പടെ 22 സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്. ഭജൻ ലാലിന്‍റെ തന്നെ ഇളയ മകൻ കുൽദീപ് ബിഷ്‌ണോയി ഓഗസ്‌റ്റിൽ എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിജെപി സ്ഥാനാർഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്, ഇന്ത്യൻ നാഷണൽ ലോക്‌ദൾ, ആം ആദ്‌മി പാർട്ടി തുടങ്ങി ഒട്ടുമിക്ക പ്രധാന പാർട്ടികളും മത്സരരംഗത്തുണ്ട്.
ധംനഗര്‍ (ഒഡിഷ): ബിജെപി എംഎൽഎ ബിഷ്‌ണു ചരൺ സേത്തിയുടെ മരണത്തെ തുടർന്നാണ് മണ്ഡലം വോട്ടിങ്ങിലേക്ക് നീങ്ങുന്നത്. സേത്തിയുടെ മകന്‍ സൂര്യബൻഷി സൂരജിനെ രംഗത്തിറക്കി സഹതാപ വോട്ടുകള്‍ കൈപ്പിടിയിലാക്കാനാണ് ബിജെപി ശ്രമം. അതേസമയം വനിത സ്ഥാനാര്‍ഥിയായ അബന്തി ദാസിലൂടെ മണ്ഡലം പിടിക്കാനാണ് ബിജു ജനതാദൾ (ബിജെഡി) ലക്ഷ്യം വയ്‌ക്കുന്നത്. മത്സരിക്കുന്ന അഞ്ച് സ്ഥാനാർഥികളിൽ ഏക വനിത കൂടിയാണ് അബന്തി ദാസ്.
അമ്മമാര്‍ കുറച്ചധികം കാര്യക്ഷമമായി പ്രവർത്തിക്കുന്നവരാണെന്നും അതിനാല്‍ മണ്ഡലത്തില്‍ നിന്ന് വനിത സ്ഥാനാര്‍ഥിയെ വിജയിച്ച് സഭയിലെത്തിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീൻ പട്‌നായിക് ഓണ്‍ലൈനായി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നു. മാത്രമല്ല അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവര്‍ 18 മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
മുഖ്യധാര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പടെ ശക്തമായി രംഗത്തുള്ള ഈ ഏഴ് മണ്ഡലങ്ങളിലെ മത്സരഫലം പാര്‍ട്ടികളെ സംബന്ധിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജ്ജം തന്നെയാണ്. തോല്‍വികളാകട്ടെ മുന്നോട്ടുള്ള പാഠങ്ങളും. ഇനി എല്ലാ കണ്ണുകളും നവംബര്‍ ആറ് എന്ന വോട്ടെണ്ണല്‍ ദിനത്തിലേക്ക്.