ഗുവാഹത്തി: സംസ്ഥാനത്തെ മൂന്ന് ഊർജ കമ്പനികളെ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഊർജ്ജ മേഖലയിലെ ഗുജറാത്ത് മോഡൽ പരീക്ഷണങ്ങളാണ് മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ മന്ത്രി ബിമൽ ബോറയുടെ നേതൃത്വത്തിലുള്ള ഊർജ്ജ വകുപ്പിന്‍റെ പ്രതിനിധി സംഘം ഗുജറാത്ത് സന്ദർശിച്ച് ലാഭകരമായ രീതികൾ മനസിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് ഊർജ്ജ മന്ത്രി സൗരഭ് ഭായ് പട്ടേൽ, ഊർജ വികാസ് നിഗം ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ വെർച്വൽ മീറ്റിങിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ സംസ്ഥാനത്തെ ഊർജ്ജ വകുപ്പും ഊർജ വികാസ് നിഗം ലിമിറ്റഡും സ്വീകരിച്ച നൂതനവും പുരോഗമനപരവുമായ നടപടികൾ ഗുജറാത്തിലെ വൈദ്യുതി മേഖലയിൽ ഗുണപരമായ വികസനത്തിന് വഴിയൊരുക്കി എന്ന് പട്ടേൽ പറഞ്ഞു.
Also Read: കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയേറ്റ് കെ സുധാകരന്‍
അസം ഇതുവരെ സ്വീകരിച്ച നടപടികൾ അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എപിഡിസിഎൽ), അസം പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എപിജിസിഎൽ), അസം ഇലക്ട്രിസിറ്റി ഗ്രിഡ് കോർപ്പറേഷൻ ലിമിറ്റഡ് (എഇജിസിഎൽ) എന്നീ മൂന്ന് ഊർജ്ജ കമ്പനികളെ ലാഭകരമായ സംരംഭങ്ങളായി മാറ്റാൻ പ്രാപമായിരുന്നില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ കമ്പനികളെ ലാഭകരമാക്കി മാറ്റാനുള്ള പദ്ധതികൾ സ്വീകരിച്ചു വരികയാണെന്നും പറഞ്ഞു. മൂന്ന് ഊർജ്ജ കമ്പനികളിലെയും ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഇവയുടെ വരുമാന ശേഖരണത്തെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.