ദിസ്‌പൂർ: ഇരു സംസ്ഥാനങ്ങളുമായി അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മിസോറാമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് അസം. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് സർക്കാർ തീരുമാനം. ജോലി സംബന്ധമായും മറ്റും മിസോറാമിൽ താമസിക്കുന്ന അസം ജനതയോട് അതീവ ജാഗ്രത പാലിക്കാനും സർക്കാർ നിർദ്ദേശിച്ചു.
Read More: അസം - മിസോറാം സംഘർഷം ; കേന്ദ്ര ഇടപെടല്‍ അഭ്യർഥിച്ച് മിസോറാം സർക്കാർ
നിലവിൽ മിസോറാമിൽ നിന്നുള്ള എല്ലാ വാഹനങ്ങളും കർശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നതെന്നും അസം സർക്കാർ അറിയിച്ചു. അതേ സമയം അതിർത്തി തർക്കത്തിൽ ഇടപെടാൻ മിസോറാം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. അസമിലെ അക്രമകാരികള്‍ റെയിൽവേ ട്രാക്കുകൾ നീക്കം ചെയ്തതായും ദേശീയപാത (എൻഎച്ച്) 306 തടഞ്ഞതായും അസം സർക്കാര്‍ കേന്ദ്രത്തോട് പരാതിപ്പെട്ടു.
അസം - മിസോറാം അതിർത്തിയിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കാണ് ജീവഹാനിയുണ്ടായത്.